20 September Friday

പാഠം ഒന്ന‌് കല്യാണസൗഗന്ധികം

സ്വന്തം ലേഖികUpdated: Friday Jun 7, 2019

തളാപ്പ‌് മിക‌്സഡ‌് യു പി സ‌്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച‌് ഓട്ടൻതുള്ളൽ അരങ്ങേറിയപ്പോൾ.

കണ്ണൂർ, ഓട്ടൻതുള്ളൽ, പ്രവേശനോത്സവം
ആദ്യദിവസത്തിന്റെ അന്ധാളിപ്പുമായി സ‌്കൂളിലെത്തിയപ്പോൾ കൂട്ടുകൂടാൻ നിറയെപേരെ കിട്ടിയ സന്തോഷത്തിലായിരുന്നു എല്ലാവരും. പെട്ടെന്ന‌് അവർക്കിടയിലൂടെ കലാമണ്ഡലം മഹേന്ദ്രൻ ഓട്ടൻതുള്ളൽ വേഷത്തിലെത്തി. കൈവീശിയും കുശലം പറഞ്ഞും പിന്നെ വേദിക്കരികിലേക്ക‌്. തളാപ്പ‌് മിക‌്സഡ‌് യുപി സ‌്കൂളിലാണ‌് പ്രവേശനോത്സവത്തിന്റെ ഭാഗമായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചത‌്.  
കഥ പറയുമ്പോഴും തുള്ളൽ അവതരിപ്പിക്കുമ്പോഴും കലാകാരനൊപ്പം കുരുന്നുകളും പങ്കാളികളായി. ചോദ്യങ്ങൾക്ക‌് മറുപടിയായും കളിയാക്കലിൽ പങ്കുചേർന്നും നല്ല സദസ്യരായി രണ്ടു മണിക്കൂർ. കല്യാണസൗഗന്ധികം തേടി ഭീമൻ കാട്ടിലൂടെ അലഞ്ഞതും ഹനുമാന്റെ മുന്നിൽ അടിയറവ‌് പറഞ്ഞ ഭീമസേനനെയും കുരുന്നുകൾ ഏറ്റെടുത്തു. 2012ൽ  16 കുട്ടികൾ മാത്രമെന്ന് പറഞ്ഞു അടച്ചുപൂട്ടാനിരുന്ന സ്കൂളിലിപ്പോ ഒരു അഡ്മിഷൻ തരപ്പെടാൻ വലിയ പാടാണ്. ഈ വർഷം ഒന്നാംക്ലാസിൽ 177 കുട്ടികളാണ‌് പുതുതായി എത്തിയത‌്. സ‌്കൂളിൽ ഇപ്പോൾ 1200 കുട്ടികളാണുള്ളത‌്. നഗരമധ്യത്തിലുള്ള സ‌്കൂളിൽ കുട്ടികൾ വർധിക്കുമ്പോൾ കെട്ടിടത്തിന്റെ അപര്യാപ‌്തതയും ചർച്ചയാകുകയാണ‌്. 
പ്രവേശനോത്സവം കൗൺസിലർ  അമൃത രാമകൃഷ‌്ണൻ ഉദ‌്ഘാടനംചെയ‌്തു. എം പി രാജേഷ‌് അധ്യക്ഷനായി. മുൻ പ്രധാനാധ്യാപകൻ കെ കരുണാകരൻ, കെ പ്രമോദ‌് എന്നിവർ സംസാരിച്ചു. സി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക‌് സമ്മാനപ്പൊതിയും പായസവും വിതരണംചെയ‌്തു.
പ്രധാന വാർത്തകൾ
 Top