15 May Saturday

തലശേരിയിലും കണ്ണൂരിലും
ഇരിക്കൂറിലും പോളിങ്‌ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021
കണ്ണൂർ
ബിജെപിക്ക്‌ സ്ഥാനാർഥിയില്ലാത്ത തലശേരിയിലും യുഡിഎഫ്‌ സ്വാധീനമേഖലയായ കണ്ണൂർ, ഇരിക്കൂർ മണ്ഡലങ്ങളിലും‌ ഇത്തവണ പോളിങ്‌ കുത്തനെ കുറഞ്ഞു. എൽഡിഎഫിന്‌ ഗുണംചെയ്യുന്നതാണിത്‌.
   മൂന്നു മണ്ഡലങ്ങളിലും രാവിലെ മുതൽ മന്ദഗതിയിലായിരുന്നു പോളിങ്‌. തലശേരിയിൽ മനഃസാക്ഷി വോട്ടെന്നുപറഞ്ഞ്‌ വോട്ട്‌‌ യുഡിഎഫിന്‌ നൽകാൻ ബിജെപി നേതൃത്വം കരുക്കൾ നീക്കിയിരുന്നെങ്കിലും സ്ഥാനാർഥിയില്ലാത്തതിൽ നിരാശരായ ഒരുവിഭാഗം അണികൾ വോട്ടുചെയ്യാൻ പോയില്ല. ഇത്‌ പോളിങ്‌ കുറയാൻ ഇടയാക്കി.
   ഇരിക്കൂറിൽ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട്‌ യുഡിഎഫിലുണ്ടായ അസ്വാസ്ഥ്യം വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ നേരിട്ടുവന്ന്‌ ചർച്ച നടത്തിയതിനത്തുടർന്ന്‌ എ വിഭാഗത്തിന്റെ പ്രതിഷേധം പുറമെ കെട്ടടങ്ങിയെങ്കിലും ഉള്ളിൽ എരിഞ്ഞിരുന്നു. എ ഗ്രൂപ്പ്‌ നേതാക്കളിൽ പലരും പ്രചാരണരംഗത്ത്‌ സജീവമായിരുന്നില്ല. എൽഡിഎഫ്‌ സ്ഥാനാർഥി സജി കുറ്റ്യാനിമറ്റത്തിന്റെ വിജയപ്രതീക്ഷ വർധിപ്പിക്കുന്നതാണ്‌ കുറഞ്ഞ പോളിങ്‌. 
    കണ്ണൂർ മണ്ഡലത്തിലും പോളിങ്‌ താഴോട്ടുപോയത്‌ യുഡിഎഫ്‌ കേന്ദ്രങ്ങളെയാണ്‌ അസ്വസ്ഥമാക്കുന്നത്‌. കണ്ണൂർസിറ്റി മേഖലയിലെ മുസ്ലിംലീഗ്‌ കേന്ദ്രങ്ങളിലൊന്നും പഴയ സജീവത ദൃശ്യമായിരുന്നില്ല. തന്റെ ഗ്രൂപ്പിൽനിന്ന്‌ ചാടി കെ സി വേണുഗോപാലിനൊപ്പം ചേക്കേറിയ സതീശൻ പാച്ചേനിക്കുവേണ്ടി കെ സുധാകരൻ കാര്യമായി രംഗത്തുണ്ടായിരുന്നില്ല. യുഡിഎഫിൽനിന്ന്‌ കഴിഞ്ഞ തവണ എൽഡിഎഫ്‌ പിടിച്ചെടുത്ത ഈ സീറ്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി നിലനിർത്തുമെന്നാണ്‌ സൂചന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top