19 January Sunday

കണ്ണൂര്‍ വിമാനത്താവളം ഒന്നാം വാർഷികം കായലോളത്തിൽ സാഹസിക തുഴ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019
കണ്ണൂർ
കായലോളങ്ങളെ വകഞ്ഞുമാറ്റി പച്ചത്തുരുത്തുകളെ കൺകുളിർക്കെ കണ്ട്  കവ്വായിക്കായൽ ചുറ്റി ഒരു യാത്ര... കയാക്കിങ്ങിലൂടെ പ്രകൃതിയെ അറിഞ്ഞും ആസ്വദിച്ചുമൊരു കായൽസഞ്ചാരം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ്‌  കവ്വായിക്കായലിൽ കയാക്കിങ് സംഘടിപ്പിച്ചത്.
  കടലിന്റെയും കായലിന്റെയും പുഴകളുടെയും നാടായ ഉത്തര മലബാറിൽ കായൽ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തുറന്നുതരികയാണ് കവ്വായിക്കായൽ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഉത്തര മലബാറിനെ അടയാളപ്പെടുത്തുന്ന കവ്വായിക്കായലിന്റെ ജലവിഭവ സമ്പന്നതയും പയ്യന്നൂരിന്റ ചരിത്ര പശ്ചാത്തലവും പ്രകൃതി ഭംഗിയും വിദേശികളെ ഇവിടേക്ക് ആകർഷിക്കുകയാണ്.
   കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. യൂറോപ്യന്മാരടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങളിൽനിന്ന്‌ സഞ്ചാരികൾ ഇവിടം സന്ദർശിച്ചുകഴിഞ്ഞു. സഞ്ചാരികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂറിൽ  കണ്ടൽക്കാടുകളെയും ദേശാടനക്കിളികളെയും അറിഞ്ഞ്, നാടൻരുചികളിലലിഞ്ഞ്, തെളിവെള്ളം തുഴഞ്ഞ് യാത്രപോകാം. ഐലന്റ് ക്യാംപിങും  ഉണ്ട്. സഞ്ചാരികൾക്കുവേണ്ട എല്ലാ സഹായങ്ങളും നൽകാനായി രാഹുൽ നാരായണൻ, കെ ടി ജിതിൻ എന്നീ ഗൈഡുമാരും  ഉണ്ട്.
   കവ്വായി കയാക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സി കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളം എംഡി വി തുളസീദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പയ്യന്നൂർ നഗരസഭാ ചെയർമാൻ അധ്യക്ഷൻ അഡ്വ. ശശി വട്ടക്കൊവ്വൽ, കണ്ണൂർ വിമാനത്താവളം സിഒഒ താരിഖ് ഹുസൈൻ ഭട്ട്, എയർപോർട്ട് ഓപ്പറേഷൻ മാനേജർ രാജേഷ് പൊതുവാൾ, ചീഫ് സെക്യൂരിറ്റി ഓഫീസർ വേലായുധൻ മണിയറ,  ജനപ്രതിനിധികൾ, കയാക്കിങ് ക്ലബ്‌ അംഗങ്ങൾ തുടങ്ങിയവർ കയാക്കിങ്ങിന്റെ ഭാഗമായി.
 
പ്രധാന വാർത്തകൾ
 Top