05 December Thursday

കളിച്ചും ചുവടുവച്ചും ഇനി ആരോഗ്യം ഫിറ്റ്‌

പ്രത്യേക ലേഖകൻUpdated: Wednesday Nov 6, 2019

ഫിറ്റ്‌ കണ്ണൂർ പദ്ധതിക്ക്‌ തുടക്കം കുറിച്ച്‌ ടൗൺ സ്‌ക്വയറിൽ നടന്ന യോഗപരിശീലനത്തിൽനിന്ന്‌.

കണ്ണൂർ 
ടൗൺ സ്‌ക്വയറിൽ തടിച്ചുകൂടിയ ആബാലവൃദ്ധം സംഗീതത്തിന്റെ താളത്തിനനുസരിച്ച് ചുവട്‌ വച്ചപ്പോൾ അത് പുതിയ കായികസംസ്‌കാരമായി. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമൊപ്പം കലക്ടർ ടി വി സുഭാഷ് ഉൾപ്പെടെയുള്ള പ്രമുഖരും പങ്കാളികളായി. കണ്ണൂർ ജനതയുടെ കായികാരോഗ്യത്തിനായി നടപ്പാക്കുന്ന "ഫിറ്റ് കണ്ണൂർ' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് യോഗായും എയ്‌റോബിക്‌സും റോപ് സ്‌കിപ്പിങ്ങും ഉൾപ്പെടെയുള്ള വ്യത്യസ്ത വ്യായാമമുറകളിലൂടെ ആരോഗ്യസംരക്ഷണത്തിലേക്കുള്ള ഉണർത്തുപാട്ടായി. "വ്യായാമത്തിലൂടെ ആരോഗ്യം' എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്ന ഫിറ്റ് കണ്ണൂർ പരിപാടി ജില്ലയിലെ ഒരു സ്വപ്‌ന പദ്ധതിയായി മാറുമെന്ന്  ജില്ലാതല ഉദ്ഘാടം നിർവഹിച്ച  കലക്ടർ ടി വി സുഭാഷ് അഭിപ്രായപ്പെട്ടു. തുടക്കത്തിൽ നഗര കേന്ദ്രങ്ങളിലും തുടർന്ന് നഗരസഭാ -പഞ്ചായത്ത് തലങ്ങളിലും സ്ഥിരം വ്യായാമ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പുതുതലമുറയിൽ കായിക വിനോദങ്ങളോട് ആഭിമുഖ്യം വളർത്താൻ പദ്ധതി സഹായകമാവുമെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് അഭിപ്രായപ്പെട്ടു. കായികതാരം കെ എം ഗ്രീഷ്മ മുഖ്യാതിഥിയായി. 
അസി. കലക്ടർ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, എഎസ്‌പി ഡി ശിൽപ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ കെ പവിത്രൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, സ്‌പോർട്‌സ് ഡിവിഷൻ കോച്ച് പ്രമോദൻ തുടങ്ങിയവർ സംസാരിച്ചു. എയ്‌റോബിക്‌സ് പരിപാടിക്ക് മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയം ജിം പരിശീലക വി സന്ധ്യയും യോഗാ പരിപാടിക്ക് സ്‌പോർട്‌സ് കൗൺസിൽ യോഗാ ഇൻസ്ട്രക്ടർ പി പി നിഷമയും നേതൃത്വം നൽകി. 
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഫിറ്റ് കണ്ണൂർ നടപ്പാക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ പൊതുജനങ്ങൾക്ക്‌ പുറമെ, സ്‌പോർട്സ്‌ ഡിവിഷൻ വിദ്യാർഥികൾ, പൊലീസ്, വാക്കേഴ്‌സ് ക്ലബ്, റസിഡൻസ് അസോസിയേഷൻ, ശ്രീചന്ദ് ഹോസ്പിറ്റൽ പ്രതിനിധികൾ, നേഴ്‌സിങ്‌  കോളേജ് വിദ്യാർഥികൾ തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top