13 December Friday

മികവുണ്ട്‌ ഒരു ഡസൻ

സ്വന്തം ലേഖികUpdated: Wednesday Nov 6, 2019

കണ്ണൂർ

പൊതുജനാരോഗ്യരംഗത്ത്‌ മിന്നും മുന്നേറ്റവുമായി കണ്ണൂർ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരം ജില്ലയിൽ മൂന്ന്‌ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്കുകൂടി ലഭിച്ചു. ഇതോടെ 12 സർക്കാർ ആരോഗ്യകേന്ദ്രങ്ങൾക്ക്‌ ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലയായി കണ്ണൂർ മാറി.
സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെ സേവനത്തിന്റെ ഗുണനിലവാരം പരിശോധിച്ചാണ്‌ നാഷണൽ ക്വാളിറ്റി അഷ്വറൻസ്‌ സ്‌റ്റാൻഡേർഡ്‌ (എൻഎക്യുഎസ്‌) അനുവദിക്കുന്നത്‌. 
കതിരൂർ, തില്ലങ്കേരി പ്രാഥാമികാരോഗ്യകേന്ദ്രങ്ങൾക്കും കൂവോട്‌ നഗരപ്രാഥമികാരോഗ്യകേന്ദ്രത്തിനുമാണ്‌ പുതുതായി അംഗീകാരം ലഭിച്ചത്‌. കതിരൂർ, തില്ലങ്കേരി പിഎച്ച്‌സികൾക്ക്‌ 93 ശതമാനം മാർക്കും കൂവോട്‌ അർബൻ പിഎച്ച്‌സിക്ക്‌ 88.9 ശതമാനം മാർക്കുമാണ്‌ ലഭിച്ചത്‌. 
ചെറുതാഴം, കാങ്കോൽ, കൊട്ടിയൂർ, മലപ്പട്ടം, പാട്യം, വളപട്ടണം, തേർത്തല്ലി എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും കൊളച്ചേരി, മൈതാനപ്പള്ളി അർബർ പിഎച്ച്‌സികൾക്കും നേരത്തെ ഈ അംഗീകാരം ലിഭിച്ചിരുന്നു. 
സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെ പൊതുഭരണനിർവഹണം, ഒ പി വിഭാഗം, ലാബ്‌ സൗകര്യം, ദേശീയ ആരോഗ്യ പദ്ധതികളുടെ നിർവഹണം എന്നിവ പരിശോധിച്ചാണ്‌ അംഗീകാരം. ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസനം, അണുബാധ നിയന്ത്രണം, ശുചിത്വം, സേവനത്തിന്റെ ഗുണമേന്മമ, രോഗീ സൗഹൃദ അന്തരീക്ഷം, ജീവനക്കാരുടെ കാര്യക്ഷമത എന്നിവയും പരിശോധിക്കും.
മൂന്നുവർഷത്തിനുള്ളിൽ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുണ്ടായ മാറ്റത്തിനുള്ള അംഗീകാരംകൂടിയായാണ്‌ ഈ നേട്ടം വിലയിരുത്തപ്പെടുന്നത്‌. മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ആർദ്രം മിഷന്റെ ഫലമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുണ്ടായ മികവും നേട്ടത്തിന്‌ കാരണമായി.
പ്രധാന വാർത്തകൾ
 Top