24 October Thursday

വീട്ടുപകരണ വിപണിയിൽ ഓണപ്പൂരം

സ്വന്തം ലേഖികUpdated: Friday Sep 6, 2019
കണ്ണൂർ
മറ്റെങ്ങുമില്ലാത്ത തിരക്കാണ്‌ ഗൃഹോപകരണ ഷോറൂമുകളിൽ. ഓണം വരട്ടെ, പുതിയതു വാങ്ങാമെന്നു മനസിൽ കുറിച്ചിട്ടതെല്ലാം സ്വന്തമാക്കാനുള്ളതുകൂടിയാണ്‌  മലയാളിക്ക്‌ ഓണക്കാലം. ടിവി, ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീൻ, സൗണ്ട്‌ സിസ്‌റ്റം, ലാപ്‌ ടോപ്പ്‌ തുടങ്ങിയവയുടെ ഏറ്റവും പുതിയ മോഡലുകൾ തേടിയാണ്‌ ആളുകളെത്തുന്നത്‌.   കൂടുതൽ സംവിധാനങ്ങളും ആധുനികസാങ്കേതികവിദ്യയുടെ മികവും ചോദിച്ചെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടിവരുന്നതായി ഷോറൂമുകളിലെ ജീവനക്കാർ പറയുന്നു. 
മിക്‌സി, കുക്കർ, ഇൻഡക്ഷൻ കുക്കർ, പാൻ, ക്രോക്കറി ഇനങ്ങൾ തുടങ്ങിയ അടുക്കള ഉപകരണങ്ങളും വൻ തോതിലാണ്‌ വിറ്റഴിയുന്നത്‌. പഴയതും കേടായതുമായ ഉപകരണങ്ങൾ മാറ്റിവാങ്ങാനും വൻ തിരക്കാണ്‌. സ്‌മാർട്ട്‌ ഫോൺ വിൽപനയും ഓണക്കാലത്ത്‌ പൊടിപൊടിക്കുകയാണ്‌. കമ്പനികൾ നൽകുന്ന ഓഫറുകൾക്ക്‌ പുറമെ ഡീലർമാരും പ്രത്യേക ഓഫറുകളും നറുക്കെടുപ്പിലൂടെയും സമ്മാനങ്ങളും  നൽകിയാണ്‌ ഉപഭോക്താക്കളെ ആകർഷിക്കുന്നത്‌. ഭൂരിഭാഗംപേരും മാസത്തവണ വ്യവസ്ഥയിലാണ്‌ സാധനങ്ങൾ വാങ്ങുന്നത്‌.  പലിശരഹിത തവണവ്യവസ്ഥയുമായി പ്രമുഖ കമ്പനികളും രംഗത്തുണ്ട്‌. 
ഓണക്കാലമായാൽ  പ്രതിദിനം ശരാശരി  രണ്ട്‌ കോടിരൂപയുടെ വിറ്റുവരവ്‌ ഒരു സ്ഥാപനത്തിൽ നടക്കും. സ്ഥാപനത്തിന്‌ ഒരു വർഷമുണ്ടാകുന്ന  വിറ്റുവരവിന്റെ 60 ശതമാനം ഓണക്കാലത്താണ്‌  ഉണ്ടാകുന്നത്‌.  40 ശതമാനം വിറ്റുവരവേ  ഒമ്പതു മാസം കൊണ്ടുണ്ടാവുന്നുള്ളൂ. നഗരത്തിലെ പ്രമുഖ ഡീലർമാരായ നിക്‌ഷാൻ, നാഷണൽ റേഡിയോ ഇലക്‌ട്രോണിക്‌സ്‌, നന്തിലത്ത്‌ ജി മാർട്ട്‌, കണ്ണങ്കണ്ടി, ഫ്രിഡ്‌ജ്‌ ഹൗസ്‌ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ്‌.
പ്രധാന വാർത്തകൾ
 Top