13 July Monday

തെങ്ങിനൊപ്പം തീരുന്നു മണ്ണും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

അഞ്ഞൂറോളം തെങ്ങുകൾ ഉണ്ടായിരുന്ന ആയാർ മുനമ്പിനടുത്ത വണ്ണത്താൻ മാട്‌. ഇവിടെ ഏതാനും തെങ്ങുകളുടെ അവശിഷ്ടം മാത്രം

കണ്ണൂർ
തെങ്ങ്‌ ചതിക്കില്ലെന്നാണ്‌ പഴമക്കാർ പറയുക. എന്നാൽ വളപട്ടണം പുഴയുടെ അരികിലുള്ളവരൊന്നും ഇനിയതു പറയില്ല. ഈ മണ്ണ്‌ എത്രകാലമിനി ബാക്കിയെന്ന ആശങ്കയ്‌ക്ക്‌ ആക്കം കൂട്ടുകയാണ്‌ ഈ പച്ചത്തുരുത്തുകളിലെ തെങ്ങുകൾ. ആയാർ മുനമ്പ്‌ നേർച്ചക്കെത്തുന്നവരുടെ കാഴ്‌ചയെ കുളിർപ്പിച്ചിരുന്നു വണ്ണത്താൻ മാട്‌. ആയാർ മുനമ്പിന്‌ സമീപത്തെ വണ്ണത്താൻ മാടിൽ അഞ്ഞൂറോളം തെങ്ങാണ്‌ ഉണ്ടായിരുന്നത്‌. ഈ തുരുത്തിന്റെ വിസ്‌തൃതിയിൽ കാര്യമായ കുറവുണ്ടാകാൻ തുടങ്ങിയത്‌ പത്തുവർഷത്തിനിപ്പുറം. ഇന്നിപ്പോൾ നാമാവശേഷമായ തുരുത്തുകളിലൊന്നായി വണ്ണത്താൻ മാട്‌ മാറി. തുരുത്തിന്റെ ഓർമയായി അവശേഷിക്കുന്നത്‌ അഞ്ചോ ആറോ തെങ്ങുകുറ്റി മാത്രമാണ്‌. ജലസമാധിയിലേക്ക്‌ ഇറങ്ങിപ്പോയ ഒരു ഡസനിലേറെ തുരുത്തുകളിൽ ഒന്നുമാത്രമാണ്‌ വണ്ണത്താൻ മാട്‌. 
 പുഴയിലെ ജനവാസമുള്ളതും ഇല്ലാത്തതുമായ തുരുത്തുകളിലെല്ലാം തെങ്ങാണ്‌ കൂടുതൽ. തെങ്ങിന്‌ പുറമെ മരച്ചീനിയും പച്ചക്കറിയുമാണ്‌ മുൻകാലംമുതൽ ഇവിടെ കൃഷി ചെയ്‌തത്‌.  പ്രത്യേക തരം മണ്ണായതിനാൽ നട്ടത്‌ എന്തും വിളഞ്ഞു. നാടാകെ മണ്ഡരി പടർന്നപ്പോഴും തുരുത്തുകളിലെ തെങ്ങുകൾ നല്ല വിളവ്‌ നൽകി. പഞ്ചായത്തുകളുടെയും മറ്റും കൈവശമുള്ള തുരുത്തുകളിലെ തെങ്ങുകൾ മികച്ച വരുമാനവും നേടിക്കൊടുത്തു. എന്നാൽ ഈ തെങ്ങുകൾ വില്ലനാവുന്ന കാഴ്‌ചയാണ്‌ അടുത്ത കാലത്ത്‌ കണ്ടത്‌. മറ്റു പലതിനുമൊപ്പം തെങ്ങും കരയിടിച്ചിലിന്‌ പ്രധാന കാരണമായി. പശിമയുള്ള മണൽപ്പറ്റുള്ള മണ്ണാണ്‌ തുരുത്തുകളിൽ. പുഴയ്‌ക്കരികിലെ നല്ല കായ്‌ഫലമുള്ള തെങ്ങുകൾ ഭാരം താങ്ങാനാവാതെ ചരിയുന്നതോടെ  പ്രദേശത്തിന്റെ കെട്ടുറപ്പ്‌ നഷ്ടപ്പെടുന്നു. ഓരോ തെങ്ങിനൊപ്പവും  ചെറിയ പ്രദേശംകൂടി പുഴയിലേക്ക്‌  പോകുന്നു.   വീണുകിടക്കുന്ന തെങ്ങുകളാണ്‌ ഇവിടെ ഏറെയും. പുഴയിലേക്ക്‌ പതിക്കാനായി ഊഴം കാത്തുനിൽക്കുന്ന  ഇനിയുമുണ്ടേറെ. 
 ഇരുപത്‌ വർഷത്തിനുള്ളിലാണ്‌ തുരുത്തുകൾ ഇത്രയേറെ പുഴയെടുത്തത്‌. ജനവാസമുള്ള തുരുത്തുകളിലുള്ളവർക്കും അധികൃതർക്കും കാര്യം ബോധ്യപ്പെടാൻ പിന്നെയും സമയം വേണ്ടിവന്നു.  തുരുത്തുകൾ പുഴയിലലിഞ്ഞിട്ടും സംരക്ഷണത്തിന്‌ ശാസ്‌ത്രീയ ഇടപെടലുണ്ടായില്ല.  ഫണ്ടുകളെല്ലാം ജനവാസമുള്ള തുരുത്തുകളുടെ സംരക്ഷണം മാത്രം ലക്ഷ്യംവച്ചുള്ളവയായി.  റിവർ മാനേജ്‌മെന്റിന്റേതടക്കം പലവഴിയിൽ കോടികൾ സംരക്ഷണഭിത്തിക്കായി   ഒരു പതിറ്റാണ്ടിനിടയിൽ  ചെലവഴിച്ചു. കോറളായി തുരുത്തിൽ മൂന്നുവർഷം മുമ്പ്‌ തുടങ്ങി, ഒന്നരവർഷം മുമ്പ്‌ നിർമാണം പൂർത്തീകരിച്ച സംരക്ഷണഭിത്തി ഏറെക്കുറെ വെള്ളിനടിയിലായി.  അടിത്തറയില്ലാതെ വെള്ളത്തിൽ കെട്ടിപ്പൊക്കുന്നതിനാലാണ്‌ കരിങ്കൽ ഭിത്തികൾ ആയുസ്സില്ലാതെ ഒടുങ്ങുന്നത്‌. 
 പണക്കൊതി പൂണ്ടവർ രാപ്പകൽ വ്യത്യാസമില്ലാതെ ഇവിടെനിന്നും മണൽ കടത്തി. തടയേണ്ട പൊലീസും കണ്ണടച്ചു.  കാര്യം കൈവിട്ടുപോകുന്നുവെന്ന തിരിച്ചറിവിൽ അനധികൃത മണലൂറ്റ്‌ ഏറെക്കുറെ നിലച്ചു. കിടപ്പാടംപോലും പുഴയെടുക്കുമെന്നായപ്പോൾ സംരക്ഷണത്തെക്കുറിച്ച്‌ എല്ലാവരും ചിന്തിച്ചുതുടങ്ങി.  ശാസ്‌ത്രീയവും  പ്രായോഗികവുമായ സംരക്ഷണ നടപടികളാണ്‌ ഇനീയീ തുരുത്തുകളുടെ സംരക്ഷണത്തിനാവശ്യം.
(അതേക്കുറിച്ച്‌ നാളെ)
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top