15 September Sunday

ഏകദേശീയതാ വാദം സ്ത്രീകൾക്കെതിര്‌: ഡോ. ഖദീജ മുംതാസ്

സ്വന്തം ലേഖകൻUpdated: Tuesday Aug 6, 2019
മാവിലായി
ഏക ദേശീയതയിലേക്ക് ഇന്ത്യയെ മാറ്റാനുള്ള നീക്കം സ്ത്രീകളെയാണ് ബാധിക്കുകയെന്ന് സാഹിത്യകാരി ഡോ. ഖദീജ മുംതാസ് പറഞ്ഞു. ബഹുസ്വരതയെ നശിപ്പിക്കാനാണ് ഭരണാധികാരികൾ ലക്ഷ്യമിടുന്നത്. ബഹുസ്വരത നശിച്ചാലേ ഏകമുഖ സമൂഹമെന്ന ലക്ഷ്യം അവർക്ക് നേടാനാകൂ. അത്തരമൊരു അവസ്ഥയിലേക്ക് പോകാതിരിക്കാനുള്ള പോരാട്ടമാണ് അനിവാര്യം.  മൂന്നാം പാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ‘നവോത്ഥാനം- സ്ത്രീ- സമൂഹം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്ത്രീ കുടുംബിനിയായി  കഴിഞ്ഞാൽ മതിയെന്ന ബോധത്തിലാണിന്നും വീട്ടകങ്ങൾ. നൂറ്റാണ്ടുകൾ പിറകിലുള്ള കുടുംബത്തിന്റെ പതിപ്പുകളാണിന്നുമുള്ളത്. വർഗീയത പോലും കുട്ടികൾക്കു കിട്ടുന്നത് വീടുകളിൽനിന്നാണ്. എല്ലാത്തിന്റെയും ആദ്യ പാഠശാലയാണ് വീടുകൾ. അതു കൊണ്ടാണ് വീടുകളാണ് ആദ്യം മാറേണ്ടതെന്ന് പറയുന്നത്. സമത്വത്തിലേക്കെത്തുന്നത് പ്രണയം നിറഞ്ഞ ലോകത്തിൽനിന്നാണ്. പ്രണയത്തിന് വിവിധങ്ങളായ ഭാവങ്ങളുണ്ട്. അത് സ്ത്രീയും പുരുഷനും തമ്മിലുള്ളത് മാത്രമല്ല. മനുഷ്യർ തമ്മിലുള്ള സൗഹൃദമാണ്‌. കരുതലാണ്. ഉത്കണ്ഠയാണ്. ഇത്തരം  പ്രണയം നിറഞ്ഞ ലോകമാണ് സ്ത്രീ സമത്വത്തിനും മുന്നേറ്റത്തിന്നും സൃഷ്ടിക്കേണ്ടത്‌  ഖദീജ മുംതാസ് പറഞ്ഞു. 
ജില്ലാ സെക്രട്ടറി എംവി സരള അധ്യക്ഷയായി. കേന്ദ്ര കമ്മറ്റിയംഗം എൻ സുകന്യ സംസാരിച്ചു. പി പി ലിജി സ്വാഗതവും പി കെ ലളിത നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top