കണ്ണൂർ
അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്ററിൽ വളണ്ടിയറായെത്തി ജില്ലാ ജഡ്ജി ടി ഇന്ദിരയും. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. രാവിലെ എത്തിയ ജില്ലാ ജഡ്ജ് കൗതുകത്തോടെയാണ് കോൾ സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞത്. വൈകാതെ തന്നെ അവശ്യസാധനങ്ങൾക്കായി വിളിക്കുന്നവരുടെ കോളുകൾ അറ്റൻഡ് ചെയ്തുതുടങ്ങി. പുതിയതെരു സ്വദേശി സുനിതയുടേതായിരുന്നു ആദ്യകോൾ. അവർക്കുവേണ്ട മട്ടയരി, ആട്ട, വെല്ലം, പഞ്ചസാര, കടുക് എന്നീ സാധനങ്ങൾ ജഡ്ജ് കടലാസിൽ കുറിച്ചെടുത്തു. സാധനങ്ങൾ 24 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിക്കും എന്ന ഉറപ്പോടെ ഫോൺവച്ചു.
അൽപസമയത്തിന് ശേഷം രണ്ടാമത്തെ കോൾ. ജില്ലയിലെ ആദ്യ കോവിഡ് ബാധിതനായിരുന്ന ദുബായിൽനിന്നെത്തിയ ആളുടേതായിരുന്നു കോൾ. അസുഖം മാറി ആശുപത്രി വിട്ട് വീട്ടിൽ കഴിയുകയായിരുന്ന അദ്ദേഹം പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മരുന്നിനായാണ് സെന്ററുമായി ബന്ധപ്പെട്ടത്. മരുന്ന് കഴിക്കുന്നതിനോടൊപ്പം ഡോക്ടറുടെ സഹായം തേടാനും ജഡ്ജ് നിർദേശിച്ചു. നേരിട്ട് ആശുപത്രിയിൽ പോകാനാവാത്തതിനാൽ നമ്പർ ഡിഎംഒയ്ക്ക് കൈമാറിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഒന്നര മണിക്കൂറിലേറെ ജഡ്ജ് കോൾ സെന്ററിൽ ചെലവഴിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..