Deshabhimani

ഒരുമാസം 
ലാഭം 6 ലക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:21 AM | 0 min read

കണ്ണൂർ 
ഒരുമാസത്തിൽ കണ്ണൂർ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ നേടിയത്‌ ആറുലക്ഷം രൂപയുടെ ലാഭം. സംസ്ഥാനത്ത്‌ ഏറ്റവും അധികം വരുമാനം നേടിയത്‌ തിരുവനന്തപുരം സിറ്റിയാണ്‌. 30,66,015 രൂപ. രണ്ടാമത്‌ കണ്ണൂരാണ്‌. നവംബറിൽ നടത്തിയ 21 വിനോദയാത്രകളിൽനിന്നായി കോർപറേഷൻ നേടിയത്‌ 19,10,470 രൂപ. ചെലവുകളെല്ലാം കഴിച്ചാണ്‌ ആറുലക്ഷത്തോളം രൂപയുടെ ലാഭം. 
കണ്ണൂരിൽമാത്രം 660പേരാണ്‌ ‘ആനവണ്ടി’യിൽ വിനോദസഞ്ചാരയാത്രകളിൽ കൂട്ടിനുണ്ടായത്‌. വയനാട്ടിലേക്കും കൊച്ചിയിൽ ആഡംബരകപ്പൽ യാത്രക്കുമായിരുന്നു ഏറെപ്പേർ. അഞ്ചുതവണവീതമാണ്‌ ഈ രണ്ട്‌ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും കണ്ണൂരിൽനിന്ന്‌ ബസ്‌ പുറപ്പെട്ടത്‌. കൊല്ലൂർ മൂകാംബിക, ഗവി, കോഴിക്കോട്‌–- തുഷാരഗിരി, മൂന്നാർ എന്നിവിടങ്ങളിലേക്ക്‌ രണ്ടുതവണ വീതവും ഒരു തവണ മലക്കപ്പാറയിലേക്കുമായിരുന്നു യാത്രകൾ.  യാത്രക്കാരുടെ അഭ്യർഥന മാനിച്ച് നവംബറിൽ ആരംഭിച്ചതായിരുന്നു മലക്കപ്പാറ യാത്ര. വെള്ളിയാഴ്ച പുറപ്പെടുന്ന രണ്ടാം ട്രിപ്പിലേക്ക് മുഴുവൻ സീറ്റും തീർന്നു. രാത്രി എട്ടിന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെട്ട്‌ ശനി രാവിലെ ആലപ്പുഴ കയർ മ്യൂസിയം തുടർന്ന്‌  വേഗ ബോട്ടിന്റെ എസി ബർത്തിൽ അഞ്ചുമണിക്കൂർ കുട്ടനാടിലൂടെ ജലയാത്ര. വൈകിട്ട്‌ ആലപ്പുഴ ബീച്ച്‌ സന്ദർശിച്ച്‌ അവിടെ താമസിക്കും.  രണ്ടാംദിവസം രാവിലെ ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കണ്ട്‌, മലക്കപ്പാറ  വനത്തിലൂടെ ജംഗിൾ സവാരി ആസ്വദിച്ച്‌  വൈകിട്ട്‌ മടങ്ങും.  തിങ്കൾ രാവിലെ കണ്ണൂരിലെത്തുംവിധമാണ് യാത്ര. 27നുള്ള യാത്രക്കും ബുക്കിങ്  തുടങ്ങി .
 സാധാരണക്കാർക്ക്  ആഡംബര കപ്പൽ യാത്ര സാധ്യമാക്കുന്ന കൊച്ചി യാത്രയാണ് മറ്റൊരു ആകർഷണം . ക്രിസ്‌മസ്‌–--പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച്‌ ഡിസംബറിലും നിരവധി യാത്രകൾ ഒരുക്കിയിട്ടുണ്ട്‌. ഏകദിനയാത്രകളും സംഘടിപ്പിക്കുന്നുണ്ട്‌.  കുടുംബശ്രീ, സ്ഥാപനങ്ങൾ  എന്നിങ്ങനെ സംഘമായി നിശ്ചിത എണ്ണം യാത്രക്കാരുടെ സൗകര്യാർഥം അവരാവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക്  യാത്രകളും നടത്തുന്നു. 
വരും ദിവസങ്ങളിലെ  പ്രധാന യാത്രകൾ 
ഗവി - കുമളി - രാമക്കൽ മേട് 
(ഡിസംബർ 06,20) 
മൂകാംബിക - കുടജാദ്രി (06,20)
വാഗമൺ - ചതുരംഗപാറ (13,24 )
മൂന്നാർ - കാന്തല്ലൂർ - മറയൂർ (13,20,27)
ഫോൺ: 9497007857, 9895859721, 8089463675 

 



deshabhimani section

Related News

0 comments
Sort by

Home