07 August Friday

ദേശീയ പുരസ്‌കാരം മന്ത്രി ശൈലജയ്‌ക്ക്‌ വരവേല്‍പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
മട്ടന്നൂർ
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണ്‌ ദേശീയ പുരസ്‌കാരത്തിലൂടെ ലഭിച്ചതെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. 
ഭിന്നശേഷി ശാക്തീകരണത്തിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ച സംസ്ഥാനത്തിനുള്ള പുരസ്‌കാരം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിൽനിന്ന്‌ ഏറ്റുവാങ്ങി തിരിച്ചെത്തിയപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യസുരക്ഷാ മിഷന്റെയും വികലാംഗ ക്ഷേമ കോർപ്പറേഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ ഇടപെടലാണ്‌ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിൽ കേരളം ഒന്നാമതെത്താൻ കാരണമായത്‌. മൂന്നുവർഷമായി എൽഡിഎഫ്‌ സർക്കാർ ഈ മേഖലയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌. ഇനിയും വിവിധ പ്രവർത്തനങ്ങൾ നടത്താനുണ്ട്‌. ഭിന്നശേഷിക്കാരുടെ പുനരധിവാസമാണ്‌ പ്രധാന ലക്ഷ്യം. പുനരധിവാസകേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും. ഭിന്നശേഷിക്കാരായ മക്കളെ ഓർത്ത്‌ പ്രയാസപ്പെടുന്ന രക്ഷിതാക്കളുടെ ദുഃഖമകറ്റാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്‌ച പകൽ രണ്ടോടെ വിമാനത്താവളത്തിലിറങ്ങിയ മന്ത്രിക്ക്‌ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെയും നേതൃത്വത്തിൽ സ്‌നേഹോഷ്‌മള വരവേൽപ്പാണ്‌ നൽകിയത്‌. സ്വീകരിക്കാനെത്തിയ പഴശ്ശിരാജ ബഡ്‌സ്‌ സ്‌കൂളിലെയും കണ്ണൂർ സ്‌പെഷ്യൽ സ്‌കൂളിലെയും വിദ്യാർഥികൾക്ക്‌ മന്ത്രി മധുരം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top