05 December Thursday

ജനം ടോർച്ച്‌ തെളിച്ചു; വികസന വെളിച്ചത്തിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ഇരിക്കൂർ അപ്പർ കാലാങ്കിയിൽ റോഡ‌് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട‌് നാട്ടുകാർ നടത്തിയ ടോർച്ച‌് തെളിയിക്കൽ പ്രതിഷേധ ജ്വാലയിൽനിന്ന‌്.

ഉളിക്കൽ

35 വർഷമായി തകർന്നുകിടക്കുന്ന റോഡ‌് നവീകരിക്കാൻ ഇടപെടാത്ത കെ സി ജോസഫ‌് എംഎൽഎയുടെ ജനവിരുദ്ധ സമീപനത്തിനെതിരെ ജനങ്ങൾ ടോർച്ച‌് തെളിച്ച‌് പ്രതിഷേധിച്ചു. ഉളിക്കൽ പഞ്ചായത്തിലെ വട്ടിയാംതോട് –-അപ്പർ കാലാങ്കിവരെയുള്ള ഏഴുകിലോമീറ്റർ റോഡ‌് മെക്കാഡം ടാറിങ്  നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.  ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ  അപ്പർ  കാലാങ്കി റോഡ് മെക്കാഡം ടാറിങ്ങിനായി  മാട്ടറ, കാലാങ്കി, വട്ടിയാംതോട്  ഗ്രാമങ്ങളിലെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.  സരുൺ തോമസ് നയിച്ച വാഹന പ്രചാരണ ജാഥാ സമാപനഭാഗമായാണ‌് എംഎൽഎയുടെ അവഗണനയുടെ ഇരുട്ടിനെതിരെ പ്രതീകാത‌്മകമായി ജനങ്ങൾ ടോർച്ച‌് തെളിയിച്ച‌് പ്രതിഷേധിച്ചത‌്.  നൂറുകണക്കിന് വാഹനങ്ങളും ജനങ്ങളുംഅണിനിരന്നു. മൂന്നര പതിറ്റാണ്ടിലധികമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ വർഷങ്ങൾ പഴക്കമുള്ള റോഡിനെ  തീർത്തും അവഗണിച്ചുവെന്നും എംഎൽഎ ഉത്തരവാദിത്തങ്ങളിൽനിന്ന്‌ ഒളിച്ചോടുന്നതായും  സരുൺ തോമസ് പറഞ്ഞു. വാഹനജാഥ ഉളിക്കലിൽ ഇടവക വികാരി ഫാദർ മാത്യു എടേട്ട്  ഫ്ലാഗ് ഓഫ് ചെയ്തു. പ്രതിഷേധ സദസ് യുഡിഎഫ‌് പഞ്ചായത്ത് പ്രസിഡന്റ‌്  ഷേർളി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഫാദർ മാത്യു എടേട്ട്  ഉദ്ഘാടനം ചെയ്തു.  സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യൻ,  കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ ടി എ ജസ്റ്റിൻ,  സിപിഐ ജില്ലാ കൗൺസിൽ അംഗം എം എസ് നിഷാദ്,  കെ ജി ദിലീപ്,  ഷാജി പൂപ്പള്ളി, ദിലീപ് മാത്യു എന്നിവർ സംസാരിച്ചു. സന്തോഷ് ചെറിയംമാക്കൽ സ്വാഗതവും വിപിൻ പഴെമഠം നന്ദിയും പറഞ്ഞു. വികസന മുരടിപ്പിന്റെ അന്ധകാരത്തിൽനിന്ന്‌ വികസന വിപ്ലവത്തിന്റെ പ്രകാശത്തിലേക്ക് നാടിനെ നയിക്കുക എന്ന സന്ദേശവുമായി ടൗണിലെ എല്ലാ വിളക്കുകളും അണച്ച് പ്രവർത്തകർ മൊബൈൽ ടോർച്ച് തെളിച്ച് പ്രതിഷേധിച്ചു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top