20 October Sunday

ചുഴലിക്കാറ്റ്‌ വിദഗ്‌ധസംഘം റബർതോട്ടങ്ങൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
പേരാവൂർ
ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് റബര്‍ മരങ്ങള്‍ നശിച്ച കണിച്ചാര്‍, കേളകം,  കൊട്ടിയൂര്‍ മേഖലകളിൽ റബര്‍ ബോര്‍ഡ് വിദഗ്ധ സംഘം സന്ദര്‍ശിച്ച്‌ നാശനഷ്ടങ്ങള്‍ വിലയിരുത്തി. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ   ഡോ.  വിനോദ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്.    നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക്  നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കര്‍ഷകരുടെ പ്രതിസന്ധി മനസ്സിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായാണ്   സംഘമെത്തിയത്. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ   ഡോ.  വിനോദ് തോമസ്,   ഡെവലപ്‌മെന്റ് ഓഫീസര്‍ വി ഡി ഹരി, കാഞ്ഞങ്ങാട് റബേഴ്‌സ് എംഡി പവിത്രന്‍ നമ്പ്യാര്‍, തലശേരി റീജിയണല്‍ ഓഫീസ് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ വി ശിവന്‍, ഫീല്‍ഡ് ഓഫീസര്‍ പി സൗമ്യ എന്നിവരാണ്‌ സംഘത്തിലുണ്ടായത്‌. 
പ്രദേശത്തെ നിജസ്ഥിതി മനസ്സിലാക്കി ആവശ്യമായ  നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതിനുശേഷമേ നഷ്ടപരിഹാരത്തെക്കുറിച്ച്  വ്യക്തത വരുത്താനാവൂവെന്നും ഡോ.  വിനോദ് തോമസ് പറഞ്ഞു.
 കണിച്ചാര്‍ റബര്‍ കര്‍ഷകസംഘത്തില്‍ കര്‍ഷകരുമായി  കൂടിക്കാഴ്‌ച നടത്തിയശേഷമാണ് സംഘം നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ആര്‍പിഎസ് പ്രസിഡന്റുമാരായ ജോസഫ് നമ്പുടാകം, എന്‍ പി ശിവന്‍, ജോസഫ് കോക്കാട്ട്, ജോസ് വാകാനിയില്‍, വി ഡി വര്‍ക്കിച്ചന്‍, പി എസ് പത്രോസ്, ഇ ഡി ജോസഫ്, ഇ എം ജോസൂട്ടി, കെ ജെ ജോയി  എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top