12 August Friday

അരങ്ങിൽനിന്ന്‌ പാടത്തേക്ക്‌

പി സുരേശൻUpdated: Tuesday Jul 5, 2022
ചെറുപുഴ
അരങ്ങിനെ കൈവിട്ട്‌ പാടത്തും പറമ്പത്തും   കരുപ്പിടിപ്പിച്ച ജീവിതമാണ്‌  ചെറുപുഴ ആയന്നൂരിൽ പനങ്ങാട്‌ വീട്ടിൽ പി കരുണാകരന്റേത്‌. കണ്ണൂർ സംഘചേതനയുടെയും കോഴിക്കോട്‌ ചിരന്തന തീയറ്റേഴ്‌സിന്റെയും    നാടകങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ പകർന്ന നടൻ  ഇപ്പോൾ കൃഷിയിലൂടെ വിപണി കീഴടക്കുകയാണ്‌.  20 വർഷമായി കൃഷിയെ ആശ്രയിച്ചാണ്‌ ഉപജീവനം. 
 രാസവളങ്ങളും കീടനാശിനികളും  പ്രയോഗിക്കാത്ത കരുണാകരന്റെ   ജൈവ  പഴം   പച്ചക്കറികൾക്കും   കിഴങ്ങുവർഗങ്ങൾക്കും വിപണിയിൽ പ്രിയമേറെ. രാസവളവും കീടനാശിനിയുമില്ലാതെ കൃഷിയെങ്ങനെ  നടത്തുമെന്ന്‌  ആശങ്കപ്പെടുന്നവർക്ക്‌ ഈ കർഷകൻ ലളിതമായി ഉണ്ടാക്കുന്ന ജൈവ വളങ്ങളും കീട നിയന്ത്രിത  കൂട്ടുകളും എളുപ്പം പകർത്താം.  ഗോമൂത്രവും പശുവിനെ കുളിപ്പിക്കുന്ന വെള്ളവും  5000 ലിറ്റർ ടാങ്കിലേക്ക്‌ മാറ്റും. ഇത്‌ ടാങ്കിൽ പകുതിയോളമെത്തിയാൽ പകുതി വെള്ളവും ചേർത്ത്‌ പമ്പ്‌ വഴി  വിളകൾക്ക്‌ നനയ്‌ക്കും.  ടാങ്കിന്റെ അടിഭാഗത്ത്‌ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളിൽ  പത്ത്‌ ചാക്ക്‌ ചകിരിച്ചോറും ഒരു ചാക്ക്‌ കോഴിവളവും ചേർത്ത്‌   മിക്‌സ്‌ ചെയ്യും. ഒരു മാസംകൊണ്ട്‌ ഇത്‌ മികച്ച ജൈവവളമാകും. ആവശ്യം കഴിഞ്ഞുള്ള വളം  കിലോയ്‌ക്ക്‌ 15 രൂപ നിരക്കിൽ വിൽക്കുന്നുമുണ്ട്‌.  വേപ്പ്‌, കണിക്കൊന്ന, ശീമക്കൊന്ന, കമ്യൂണിസ്‌റ്റ്‌ പച്ച തുടങ്ങി ഏഴിനം പച്ചിലകൾ അരിഞ്ഞ്‌ മൺപാത്രത്തിലോ, പ്ലാസ്‌റ്റിക്‌  പാത്രത്തിലോ ശേഖരിച്ച്‌ അതിൽ ഗോമൂത്രം  ഒഴിച്ച്‌ സൂക്ഷിക്കും. രണ്ടാഴ്‌ച കഴിയുമ്പോൾ ഇത്‌ മികച്ച കീടനിയന്ത്രണ മിശ്രിതമാവും. ഇത്‌ അരിച്ചെടുത്ത്‌ നേർപ്പിച്ച്‌ പച്ചക്കറിക്കും മറ്റും  സ്‌പ്രേ ചെയ്യാം. 
 കാസർകോടൻ കുള്ളൻ, കപില  ഉൾപ്പെടെ  ആറുപശുക്കളും 100 നാടൻ കോഴിയുമുണ്ടായിരുന്നു.  തോട്ടവിളകൾ രണ്ടരയേക്കറുണ്ട്‌.  80 സെന്റ്‌ റബർ കൃഷി കഴിഞ്ഞുള്ള സ്ഥലത്ത്‌ തെങ്ങും കവുങ്ങുമാണ്‌. വർഷം നാലര ക്വിന്റൽ അടക്ക ലഭിക്കും. തെങ്ങൊന്നിന്‌ ശരാശരി  200 തേങ്ങയും. 
400 കിലോ റബർ ഷീറ്റാണ്‌ വർഷം ലഭിക്കുന്നത്‌.  വാഴയും പച്ചക്കറിയും കിഴങ്ങ്‌ വർഗങ്ങളും  ഇടവിള കൃഷിയാണ്‌. നഴ്‌സറിയുമുണ്ട്‌.   കൃഷി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്‌ കരുണാകരൻ.  ചെറുപുഴയിലെ  കൃഷി വകുപ്പിന്റെ ഔട്ട്‌ലെറ്റിലും  പയ്യന്നൂരിലെ ജൈവ കർഷക കടയിലുമാണ്‌ പഴവും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വിൽക്കുന്നത്‌. 
  തദ്ദേശ സ്ഥാപനങ്ങളും മറ്റും പ്രാദേശിക വിപണന കേന്ദ്രമൊരുക്കുകയും  തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുകയും   ചെയ്‌താൽ കാർഷിക മേഖലയിൽ നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്ന്‌ കരുണാകരൻ പറയുന്നു.  ഭാര്യ പി ജലജയും മകൾ അക്ഷയയും  കൃഷി പ്പണിക്ക്‌ സഹായികളായുണ്ട്‌. ഫോൺ: 9400632712.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top