04 August Tuesday

കീഴാറ്റൂർ ബൈപ്പാസ്‌ ഭൂമിവില 4 ലക്ഷംവരെ; വാങ്ങാൻ സമരക്കാർ മുന്നിൽ

പ്രത്യേക ലേഖകൻUpdated: Sunday Jul 5, 2020
കണ്ണൂർ > ദേശീയപാത ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്ന കീഴാറ്റൂരിൽ സെന്റിന്‌ 2.75 ലക്ഷംമുതൽ നാലുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ‘തെരുവുപട്ടിയെ കൊല്ലുന്ന പണംപോലും ലഭിക്കില്ലെന്ന്’‌ സമരക്കാർ പ്രചരിപ്പിച്ച വയൽഭൂമിക്ക്‌ മൂന്നുലക്ഷംവരെയാണ്‌ വില നിശ്‌ചയിച്ചത്‌. മോഹവില ലഭിക്കുമെന്ന്‌ കണ്ടതോടെ അസൽ ഭൂരേഖകൾ സമർപ്പിച്ച്‌ നഷ്ടപരിഹാരം വാങ്ങാൻ സമരക്കാർ തന്നെയാണ്‌ മുന്നിൽ.
 
സമരനേതാക്കളായ സി സുരേഷിന്റെ അമ്മ ജാനകി, എൻ വി ബൈജുവിന്റെ അമ്മ നെല്ലിക്കൽ ജാനകി, ബാവുക്കാട്ട്‌ നാരായണൻ എന്നിവരടക്കം പ്രദേശത്തെ മുഴുവൻ സ്ഥലമുടമകളും വിട്ടുകൊടുക്കുന്ന ഭൂമിയുടെ രേഖകൾ സമർപ്പിച്ചിരുന്നു. ഈ മാസം 17 മുതൽ നഷ്ടപരിഹാരത്തുക നൽകുമെന്നറിയിച്ച്‌ കഴിഞ്ഞദിവസം അന്തിമ വിജ്ഞാപനമിറങ്ങി. 31നകം സ്ഥലമെടുപ്പ്‌ നടപടികൾ പൂർത്തിയാകും. 
 
വയൽഭൂമി സെന്റിന്‌ 1,29,689 രൂപയാണ്‌ ദേശീയപാത അതോറിറ്റി നിശ്‌ചയിച്ച അടിസ്ഥാന വില. ഇതിന്റെ ഇരട്ടിയായ 2,59,378 രൂപയും പലിശയും നഷ്ടപരിഹാരമായി ലഭിക്കും. കുറഞ്ഞത്‌ 2.75 ലക്ഷം രൂപ ലഭിക്കും. ഭാഗികമായി വയലും കരഭൂമിയുമുള്ള സ്ഥലത്തിന്‌ സെന്റിന്‌ 1,66,743 രൂപയാണ്‌ അടിസ്ഥാന വില. ഇതിന്റെ ഇരട്ടിയായ 3,33,486 രൂപയും ഫലവൃക്ഷങ്ങളുടെ വിലയും വീടോ കെട്ടിടമോ നഷ്ടമാകുന്നുണ്ടെങ്കിൽ അതിന്റെ വിലയും മൊത്തം തുകയും പലിശയും ലഭിക്കും. കുറഞ്ഞത്‌ 3.5 ലക്ഷം കണക്കാക്കുന്നു. 
 
പൂർണമായും കരഭൂമിയാണെങ്കിൽ സെന്റിന്‌ 1,85,270 രൂപയായിരിക്കും അടിസ്ഥാന വില. ഇതിന്റെ ഇരട്ടിയും ഫലവൃക്ഷങ്ങളും വീടും കെട്ടിടവും ഉൾപ്പെടെ മറ്റു ഉഭയങ്ങളുടെ വിലയും മൊത്തം തുകയുടെ പലിശയും ചേർന്നതായിരിക്കും നഷ്ടപരിഹാരം. കുറഞ്ഞത്‌ നാലുലക്ഷം രൂപ ലഭിക്കും.
 
കീഴാറ്റൂർ വയലിൽ സെന്റിന്‌ 5000 രൂപയിൽ താഴെയാണ്‌ നിലവിലെ മാർക്കറ്റു വില. ഇക്കാര്യം എടുത്തുകാട്ടിയാണ്‌ വയൽക്കിളികളും മറ്റു തൽപ്പരകക്ഷികളും കൃഷിക്കാരെ ഇളക്കിവിട്ടത്‌. യഥാർഥ മാർക്കറ്റ്‌ വില മാത്രമേ ലഭിക്കൂവെന്നും സെന്റിന്‌ അയ്യായിരം തികയില്ലെന്നും വ്യാപകമായി പ്രചരിപ്പിച്ചു. സമരത്തിനു പിന്തുണയേകി കീഴാറ്റൂർ വയലിൽ താവളമടിച്ച വലതുപക്ഷ മാധ്യമങ്ങളും ഈ കള്ളമാണ്‌ ഏറ്റെടുത്തത്‌.
 
വസ്‌തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്‌ ഈ പ്രചരണമെന്നും സെന്റിന്‌ മുന്നുലക്ഷത്തിനും നാലുലക്ഷത്തിനും ഇടയിൽ നഷ്ടപരിഹാരം ലഭിക്കുമെന്നും ജയിംസ്‌ മാത്യു എംഎൽഎയടക്കമുള്ളവർ പൊതുയോഗം നടത്തി വിശദീകരിച്ചതോടെയാണ്‌ സമരത്തിന്റെ കാറ്റുപോയത്‌. യാഥാർഥ്യം ബോധ്യമായ ഭൂരിഭാഗം ഭൂവുടമകളും സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധരാവുകയും അധികൃതർക്ക്‌ സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്‌തു.  സിപിഐ എമ്മും സർക്കാരും നൽകിയ ഉറപ്പ്‌ പാഴ്‌വാക്കായില്ലെന്ന്‌ തെളിയിക്കുകയാണ്‌ വിലനിർണയം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top