12 August Wednesday

ചെറുതാഴം, കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി ആദ്യഘട്ടം ജനുവരിയിൽ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
പിലാത്തറ
കിഫ്ബി മുഖേന സംസ്ഥാന സർക്കാർ  നടപ്പാക്കുന്ന ചെറുതാഴം -കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും. ടി വി രാജേഷ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രവൃത്തി വിലയിരുത്തി.      
ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്നാണ്  വെള്ളം ലഭ്യമാക്കുക. പരിയാരം പഞ്ചായത്തിലെ ജിക്ക പദ്ധതിയുടെ ഭാഗമായ ചെനയന്നൂർ ടാങ്കിൽനിന്നാണ് ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ നിർമിക്കുന്ന ടാങ്കുകളിലേക്ക്  വെള്ളമെത്തിക്കുക. കുടിവെള്ള വിതരണത്തിന്‌ ശ്രീസ്ഥ, എടാട്ട്,  എന്നിവിടങ്ങളിൽ 8.5 ലക്ഷം ലിറ്ററിന്റെയും പടിക്കപ്പാറയിൽ 4.5 ലക്ഷം ലിറ്ററിന്റെയും ഓവർ ഹെഡ് ടാങ്കുമാണ്  നിർമിക്കുന്നത്. എടാട്ടെ ടാങ്ക്‌ നിർമാണം  പൂർത്തിയാകുന്നു.  
പുതുതായി നിർമിക്കുന്ന ടാങ്കിൽ ടെലിമെട്രിക് കൺട്രോൾ സിസ്റ്റം സ്ഥാപിക്കും. ടാങ്കുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള  പൈപ്പിടൽ പ്രവൃത്തി അവസാനഘട്ടത്തിലാണ്‌. 42 കിലോമീറ്റർ പൈപ്പ് ലൈനിൽ  32 കിലോമീറ്ററിന്റെ പ്രവൃത്തി പൂർത്തിയായതായും ശ്രീസ്ഥയിൽ ടാങ്കിന്റെ പ്രവൃത്തി തുടങ്ങിയെന്നും പടിക്കപ്പാറ ടാങ്കിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പ്രോജക്ട് വിഭാഗം എക്സി.എൻജിനിയർ യോഗത്തെ അറിയിച്ചു. കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തി പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന്‌ എംഎൽഎ നിർദേശിച്ചു.
ചെറുതാഴം,- കുഞ്ഞിമംഗലം  പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള  ആദ്യഘട്ട പ്രവൃത്തിക്ക് 57 കോടി രൂപയുടെ കിഫ്ബിയുടെ അംഗീകാരമാണ് ലഭിച്ചത്. രണ്ടാം ഘട്ടത്തിൽ രണ്ട് പഞ്ചായത്തിലും വിതരണ  വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് 93.7 കോടി രൂപയുടെ പദ്ധതി അംഗീകാരത്തിനായി  സമർപ്പിച്ചിട്ടുണ്ട്.  വിതരണ ശൃംഖല സ്ഥാപിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്  കിഫ്ബിയ്ക്ക് കത്തയക്കാൻ യോഗം തീരുമാനിച്ചു.
വാട്ടർ അതോററ്റി എക്സി. എൻജിനിയർ രമേഷ് ബാബു, അസി.എക്സി. എൻജിനിയർ റിജു പി, അശ്വിൻ ദേവ് എന്നിവരും എംഎൽഎയോടൊപ്പമുണ്ടായി.  എടാട്ടും ശ്രീസ്ഥയിലുമാണ്‌ അവലോകനയോഗം ചേർന്നത്‌

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top