03 August Monday

ആർഎസ്‌എസ്‌ സ്ഥാപനത്തിന്‌ എംപി ഫണ്ട്‌ വഴിവിട്ട നീക്കം പൊളിച്ചത്‌ സിപിഐ എമ്മും ഇരിട്ടി നഗരസഭയും

സ്വന്തംലേഖകൻUpdated: Sunday Jul 5, 2020
ഇരിട്ടി
ആർഎസ‌്എസ‌് നേതാവിന്റെ ഉടമസ്ഥതയിലുള്ള പാരലൽ കോളേജിന‌് വഴിവിട്ട്‌ എംപി ഫണ്ട‌് അനുവദിക്കാൻ സുരേഷ‌് ഗോപി എംപി നടത്തിയ ശ്രമം പൊളിച്ചത‌് സിപിഐ എമ്മും ഇരിട്ടി നഗരസഭയും. 2019 മാർച്ച‌് 19നാണ‌് തിരുവനന്തപുരം കലക്ടർക്ക‌് നടൻ സുരേഷ‌്ഗോപി ഇരിട്ടി പ്രഗതി വിദ്യാനികേതൻ ക്യാമ്പസിനോട‌ുചേർന്ന‌് ശുചിമുറി നിർമിക്കാൻ ഫണ്ട‌് അനുവദിക്കുന്നുവെന്ന‌് കാണിച്ച‌് കത്ത‌ുനൽകിയത‌്. ഇതേകാലയളവിൽ സുരേഷ‌് ഗോപി ഇരിട്ടിയിൽ സേവാഭാരതി നിർമിച്ച വീടുകളുടെ താക്കോൽ ദാനത്തിലും പ്രഗതി പാരലൽ കോളേജ‌് ഒരുക്കിയ ഉദ‌്ഘാടനച്ചടങ്ങിലും പങ്കെടുത്തിരുന്നു. 
കോളേജ‌് മാനേജ‌്മെന്റുമായി ചേർന്നുനടത്തിയ ആസൂത്രിത ആലോചനയിൽനിന്നാണ‌് ഫീസ‌് വാങ്ങി പ്രവർത്തിക്കുന്ന പാരലൽ കോളേജിന‌് പൊതുഫണ്ട്‌ അനുവദിക്കാൻ ക്രമവിരുദ്ധ തീരുമാനമുണ്ടായതെന്ന‌് വ്യക്തം. തിരുവനന്തപുരം കലക്ടർ നൽകിയ കത്തിന്റെ ഭാഗമായാണ‌് എംപി ഫണ്ട‌് അനുവദിച്ചുകൊണ്ടുള്ള ഉത്തരവും തുടർനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുന്ന കത്തും കണ്ണൂർ കലക്ടറേറ്റിൽനിന്ന‌് ഇരിട്ടി നഗരസഭക്ക്‌  ലഭിക്കുന്നത‌്. 
എംപി ഫണ്ട‌് വിനിയോഗത്തിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും പഠിച്ച‌് മറുപടി നൽകാനിരിക്കെ കണ്ണൂർ കലക്ടറേറ്റിൽ ചേർന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അവലോകന യോഗത്തിൽ ഇരിട്ടി നഗരസഭ ഈ വിഷയത്തിൽ ഇനിയും മറുപടി നൽകിയില്ലെന്ന‌്  മേലുദ്യോഗസ്ഥരിൽനിന്ന‌് പരാമർശമുണ്ടായി. ഉദ്യോഗസ്ഥതലത്തിലാണ‌് ഇക്കാര്യങ്ങൾ ഈ ഘട്ടത്തിലെല്ലാം ചർച്ച ചെയ്യപ്പെട്ടത്. നഗരസഭാ ഭരണസമിതി മുമ്പാകെ വന്നിരുന്നില്ല.  തുടർന്ന‌് മുനിസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിലാണ‌് പ്രഗതി വിദ്യാനികേതൻ ട്രസ‌്റ്റാണെങ്കിലും കുട്ടികളിൽനിന്ന‌് ഫീസ‌് ഇടാക്കിയാണ‌് കോളേജ‌് പ്രവർത്തിക്കുന്നതെന്ന്‌ മേലുദ്യോഗസ്ഥർക്ക‌് റിപ്പോർട്ട‌് നൽകിയത‌്. 
നിയമപ്രശ്‌നങ്ങൾ മറികടക്കാനുള്ളആർഎസ്‌എസ്‌ തന്ത്രത്തിന്റെ ഭാഗമാണ്‌ കോളേജിന്റെ രണ്ടുസെന്റ‌് സ്ഥലം നഗരസഭാ സെക്രട്ടറിയുടെ പേരിൽ രജിസ‌്റ്റർ ചെയ‌്ത നടപടി. നഗരസഭക്ക്‌ ലഭിച്ച സ്ഥലത്ത‌് ശുചിമുറി ബ്ലോക്ക‌് നിർമിച്ചാൽ തുടർചെലവുകൾ നഗരസഭ വഹിക്കാമെന്ന ഭരണസമിതി തീരുമാനമായിരുന്നു ആർഎസ‌്എസിന‌് ആവശ്യം. ഈ വിഷയംവച്ചുള്ള അജൻഡയാണ‌് 33ൽ കേവലം 13 സീറ്റിന്റെ ആൾബലം മാത്രമുള്ള നഗരസഭാ ഭരണസമിതി പരിഗണിക്കാതെ മാറ്റിവയ്‌പിച്ചത‌്. അഞ്ച‌്‌ ബിജെപി അംഗങ്ങളടക്കം 20 കൗൺസിലർമാർ  അപ്പുറത്തുണ്ടായിട്ടും ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ കുത്സിതനീക്കം ഫലപ്രദമായി തടയാൻ സിപിഐ എം നേതൃത്വത്തിലുള്ള ഭരണസമിതിക്കായി. 
സിപിഐ എമ്മും നഗരസഭാ നേതൃത്വവും കാണിച്ച ഈ ആർജവം കാണാതെ പോവുകയാണ്‌ മുഖ്യധാരാ മാധ്യമങ്ങളും കോൺഗ്രസും  എസ്‌ഡിപിഐയും മറ്റും. രാജ്യത്തിന്റെ എംപി ഫണ്ട‌് സ്വകാര്യ സ്ഥാപനത്തിനായി തട്ടിയെടുക്കാൻ ശ്രമിച്ച ആർഎസ്‌എസ്‌ നെറികേടല്ല, ഇക്കൂട്ടർ ചർച്ചചെയ്യുന്നതെന്നതും പ്രധാനമാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top