08 August Saturday

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക്‌ ലോകോത്തര പുനരധിവാസ വില്ലേജ്: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

എൻഡോസൾഫാൻ പുനരധിവാസ വില്ലേജിന്റെ തറക്കല്ലിടൽ വീഡിയോ കോൺഫറൻസുവഴി മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു

ബോവിക്കാനം
എൻഡോസൾഫാൻ ദുരിത ബാധിതരുടെയും  മറ്റ് ഭിന്നശേഷിയുള്ള കുട്ടികളുടെയും ശാസ്ത്രീയ പുനരധിവാസം ലക്ഷ്യമാക്കിയാണ്  കാസർകോട്‌ ലോകോത്തര പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ  പറഞ്ഞു.  മൂളിയാർ വില്ലേജിൽ സ്ഥാപിക്കുന്ന എൻഡോസൾഫാൻ പുനരധിവാസ വില്ലേജിന്റെ ശിലാസ്ഥാപന ചടങ്ങ് വീഡിയോ കോൺഫറൻസ് വഴി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.  ഇതിനായി മൂളയാറിൽ 25 ഏക്കർ ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറിയിരുന്നു. ലോകത്ത് ലഭ്യമായ 24ൽ പരം മാതൃകകൾ പഠിച്ചാണ്‌  സാമൂഹ്യ സുരക്ഷ മിഷൻ രൂപരേഖ തയ്യാറാക്കിയത്. ഏർളി ഇന്റർവെൻഷൻ സെന്റർ, ഫോസ്റ്റർ കെയർ, ഹൈ ഡെൻസിറ്റി കെയർ, ഹാഫ് വേ ഹോം, അഡൾട്ട് റിഹാബിലിറ്റേഷൻ എന്നീ ഘടകങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കൽ റിഹാബിലിറ്റേഷൻ, തൊഴിൽ പരിശീലനം, വ്യക്തിനിഷ്ഠമായ ശാരീരിക-മാനസിക വികസനത്തിനുള്ള കോഴ്‌സുകൾ തുടങ്ങിയവയും വിഭാവനം ചെയ്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ സുരക്ഷ മിഷന്റേയും നിപ്മറിന്റെയും സാങ്കേതിക സഹായത്തോടെയാണ് വില്ലേജ് യാഥാർത്ഥ്യമാക്കുന്നത്. 68 കോടി രൂപ ചെലവ് വരുന്ന  പദ്ധതിയുടെ ആദ്യഘട്ടം കാസർകോട്‌ പാക്കേജിൽ  5 കോടി രൂപ ഉപയോഗിച്ച്  കഴിഞ്ഞ മാർച്ചിൽ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചതായിരുന്നു.  കോവിഡ് കാരണമാണ്‌ വൈകിയത്‌. എങ്കിലും ഉടൻ നിർമ്മാണം തുടങ്ങും.  ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് സർക്കാർ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെ അപെക്‌സ് സെന്ററായി ഭാവിയിൽ ഇത് മാറും.
എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിരവധി പദ്ധതികളാണ് എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌.  ദുരിതബാധിതരുടെ 50,000 മുതൽ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യത എഴുതിത്തള്ളി. സാമ്പത്തിക സഹായമായി 171.11 കോടി രൂപ, ചികിത്സയ്ക്കായി 15 കോടി, പെൻഷനായി 25 കോടി, ആശ്വാസ കിരണത്തിന് 1.75 കോടി, സ്‌കോളർഷിപ്പിന് 67 ലക്ഷം, വായ്പ എഴുതിതള്ളുന്നതിന് 6.83 കോടി ഉൾപ്പെടെ 221 കോടി രൂപയോളം  സഹായം നൽകി. കിടപ്പിലായ രോഗികൾ, മാനസിക പരിമിതിയുള്ളവർ എന്നീ വിഭാഗത്തിൽപ്പെടുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെൻഷനും നൽകുന്നുണ്ട്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top