24 July Wednesday

ബിജെപി വീണ്ടും വന്നാൽ ജനാധിപത്യത്തിന്റെ അന്ത്യം: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Sunday May 5, 2019
മയ്യിൽ
ബിജെപിക്ക‌് പാർലമെന്റിൽ വീണ്ടും  ഭൂരിപക്ഷം ലഭിച്ചാൽ ഇന്ത്യയിൽ  ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കുമെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു.  പാടിക്കുന്ന് രക്തസാക്ഷി –- അറാക്കൽ കുഞ്ഞിരാമൻ ദിനാചരണ പൊതുസമ്മേളനം  കരിങ്കൽകുഴിയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മനുസ‌്മൃതിയുടെ അടിസ്ഥാനത്തിൽ ചാതുർവർണ്യമായിരിക്കും അവർ  നടപ്പാക്കുക. അത‌് സവർണാധിപത്യമായിരിക്കും. രാജ്യത്തെ എൺപത‌് ശതമാനം ജനങ്ങളെയും അവർണരായി കാണുന്നവരാണ‌് ഈ സവർണർ.  ഇന്ത്യൻ ഭരണഘടന അനുസരിച്ച‌് ഒരു വർഗീയ സംഘടനക്കും ഇന്ത്യയെ മതരാഷ്ട്രമാക്കാനാവില്ല.  അതിനാൽ ഭരണഘടന ഇല്ലാതാക്കുകയാണ‌് ലക്ഷ്യം.  
ദളിതരെ സവർണർ അടിമളാക്കി  ഉപയോഗിക്കുന്നതിനെതിരെ അംബേദ‌്കർ  രംഗത്ത‌് വന്നതോടെയാണ‌് ആർഎസ‌്എസ‌് എന്ന സ്വകാര്യസേന ഉണ്ടായത‌്. ആ അംബേദകറാണ‌് പിന്നീട‌് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയാവുന്നത‌്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ പലതവണ  അവർ  ശ്രമിച്ചു.   കഴിഞ്ഞ അഞ്ച‌ുവർഷം നടപ്പാക്കുമെന്ന‌് പറഞ്ഞതൊന്നും നടപ്പാക്കാതെ പാർലമെന്ററി വ്യവസ്ഥയെ നോക്കുകുത്തിയാക്കി വർഗീയ അജൻഡയാണ‌് നടപ്പാക്കിയത‌്. യുജിസി, പ്ലാനിങ്‌ബോർഡ‌്, ചരിത്ര കൗൺസിൽ തുടങ്ങിയവയൊക്കെ  വർഗീയവൽക്കരിച്ചു. 
നാട‌് സുരക്ഷിതമല്ലെന്ന‌് സുപ്രീംകോടതി ജഡ‌്ജിമാർക്ക‌്പോലും പറയേണ്ടിവന്നു. ഇടതുസ്വാധീനമില്ലാതെ രാജ്യത്ത‌് മതനിരപേക്ഷ ഭരണം വരില്ലെന്നും അദ്ദേഹം പറഞ്ഞു‌.  പ്രതിപക്ഷ നേതൃസ്ഥാനം  പോലും ഏറ്റെടുക്കാൻ കെൽപില്ലാത്ത കോൺഗ്രസ‌് ഇന്ത്യ ഭരിക്കുമെന്ന‌് പ്രഖ്യാപിച്ചതുകൊണ്ട‌് മാത്രം കാര്യമില്ല‌. അവർക്ക‌് 80 സീറ്റ‌് പോലും പാർലമെന്റിൽ ലഭിക്കാനുള്ള സാധ്യതയില്ല. ഗോവിന്ദൻ  പറഞ്ഞു‌.
പ്രധാന വാർത്തകൾ
 Top