19 August Monday
ദൃശ്യങ്ങളിൽ ലീഗ‌് ഭീകരത

പാമ്പുരുത്തിയിൽ 35 ലീഗുകാർ കള്ളവോട്ട‌് ചെയ‌്തതിന‌് തെളിവുകൾ

പ്രത്യേക ലേഖകൻUpdated: Sunday May 5, 2019
കണ്ണൂർ
കല്യാശേരി മണ്ഡലത്തിലെ പുതിയങ്ങാടിക്കുപിന്നാലെ തളിപ്പറമ്പ‌് മണ്ഡലത്തിലെ പാമ്പുരുത്തി 166-–-ാം ബൂത്തിലും ലീഗ‌് കള്ളവോട്ടിന‌് സ്ഥിരീകരണം ലഭിച്ചതായി സൂചന. ചുരുങ്ങിയത‌് 35 ലീഗുകാരെങ്കിലും ഈ ഒരൊറ്റ ബൂത്തിൽ കള്ളവോട്ട‌് ചെയ‌്തിട്ടുണ്ടെന്നാണ‌് കഴിഞ്ഞ ദിവസം  നടന്ന തെളിവെടുപ്പിൽ വ്യക്തമായത‌്. എന്നാൽ ഇക്കാര്യം കലക്ടർ സ്ഥിരീകരിച്ചിട്ടില്ല. 
പാമ്പുരുത്തി മാപ്പിള എയുപി സ‌്കൂൾ ബൂത്തിൽ നാട്ടിലില്ലാത്ത 28 പ്രവാസികളുടെ വോട്ട‌് ലീഗുകാർ ചെയ‌്തതായാണ‌് ആദ്യം ആരോപണമുയർന്നത‌്. ഇതുസംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവന്നു. ഇതിൽ 25 പേരുടെ കള്ളവോട്ട‌് നടന്നിട്ടുണ്ടെന്ന‌് കലക്ടർക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ബോധ്യമായതായാണ‌് വിവരം. ഇതിനുപുറമെ പത്തോളംപേർ വേറെയും കള്ളവോട്ട‌് ചെയ‌്തതായും ദൃശ്യങ്ങളിൽനിന്ന‌് തെളിഞ്ഞു.  ആരോപണവിധേയരുടെ വിശദീകരണംകൂടി തേടിയശേഷമാകും കലക്ടർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർക്ക‌് റിപ്പോർട്ട‌് നൽകുക.
മുസ്ലിംലീഗ‌് സ്വാധീന കേന്ദ്രമായ ഈ ബൂത്തിൽ  നിഷ‌്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പല്ല നടന്നതെന്ന ഞെട്ടിക്കുന്ന വസ‌്തുതയാണ‌് ദൃശ്യങ്ങളിലൂടെ വ്യക്തമായത‌്. പർദയ‌്ക്കൊപ്പം കറുത്ത മുഖപടവും ധരിച്ചാണ‌് മുസ്ലിം സ‌്ത്രീകൾ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തിയത‌്. ഇവരുടെ മുഖംപടം മാറ്റി യഥാർഥ വോട്ടറാണോയെന്ന‌് പരിശോധിക്കണമെന്ന‌് എൽഡിഎഫ‌് സ്ഥാനാർഥി പി കെ ശ്രീമതിയുടെയും ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെയും ഏജന്റുമാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രിസൈഡിങ‌് ഓഫീസർ അതിനു തയ്യാറായില്ലെന്ന‌് കലക്ടർക്കു ബോധ്യമായി. ഈ ആവശ്യമുന്നയിച്ച ഏജന്റുമാരെ ലീഗ‌് പ്രവർത്തകർ അസഭ്യം പറയുന്നതും കൈയേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട‌്. 
കല്യാശേരി മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത‌് ഹയർസെക്കൻഡറി സ‌്കൂളിൽ ലീഗുകാർ കൂട്ടത്തോടെ കള്ളവോട്ട‌് ചെയ‌്തത‌് കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട‌്. കാസർകോട‌് മണ്ഡലം വരണാധികാരി ഡോ. സജിത്ത‌് ബാബുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് നടപടി.
പ്രധാന വാർത്തകൾ
 Top