03 June Wednesday

10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
കണ്ണൂർ
കൊറോണ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തലശേരി സബ് ഡിവിഷനിലെ മൂന്ന് നഗരസഭകളിലും ഏഴ് പഞ്ചായത്തുകളിലുമാണ് കേരള പകർച്ചവ്യാധി നിയമപ്രകാരം കലക്ടർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 
കൂത്തുപറമ്പ്, തലശേരി, പാനൂർ നഗരസഭകളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂർ, പന്ന്യന്നൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ നിലവിൽവന്നു. ഇതുപ്രകാരം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരം ഇവിടങ്ങളിൽ വിലക്കി. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുൾപ്പെടെ മൂന്നിലധികം ആളുകൾ കൂടിനിൽക്കരുത്. 
ഹോം ഡെലിവറി സംവിധാനമൊരുക്കണം
അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ  തദ്ദേശ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് പ്രതിദിന റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കണം. പൊലിസ് ഉദ്യോഗസ്ഥരും ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിക്കണം.  കോവിഡ് 19 ബാധിതർ താമസിച്ച വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഫയർഫോഴ്‌സ്‌  അണുവിമുക്തമാക്കണം. അടിയന്തര സഹായം ആവശ്യമുണ്ടെങ്കിൽ 9400066063ൽ  ബന്ധപ്പെടാം. ഉത്തരവ് ലംഘിക്കുന്നത് രണ്ടുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. ജില്ലയിൽ ഇതുവരെ 52 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.  ഇവയെല്ലാം വിദേശങ്ങളിൽനിന്നെത്തിയവർക്കാണ്‌.  ഇവരിലേറെപേരും തലശേരി സബ് ഡിവിഷൻ പരിധിയിലായതിനാൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് തടയാനാണ്‌ ശക്തമായ നടപടികൾ.
പ്രധാന വാർത്തകൾ
 Top