07 August Friday
ലഹരിവ്യാപനവും ആത്മഹത്യാപ്രവണത തടയലും ലക്ഷ്യം

വിദ്യാലയ പരിസര ശുചീകരണത്തിന്‌ സിപിഐ എം ജനകീയ കൂട്ടായ്‌മ

സ്വന്തം ലേഖകൻUpdated: Wednesday Dec 4, 2019
കണ്ണൂർ
ജില്ലയിൽ വിദ്യാലയങ്ങൾ ശുചീകരിക്കുന്നതിനും വിദ്യാർഥികൾക്കിടയിലെ ലഹരിവ്യാപന –- ആത്മഹത്യാ പ്രവണതയ്‌ക്കെതിരായ ബോധവൽക്കരണത്തിനും സിപിഐ എം നേതൃത്വം നൽകുന്നു. എല്ലാവിഭാഗം ആളുകളെയും പങ്കെടുപ്പിച്ചുള്ള അതിവിപുലമായ  ജനകീയ കൂട്ടായ്‌മകൾക്കാണ്‌ തുടക്കംകുറിക്കുന്നതെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 6, 7 തിയതികളിലാണ്‌  അധ്യാപക രക്ഷാകർതൃ സമിതികളും സ്കൂൾ അധികൃതരുമായി ചേർന്ന്‌ ശുചീകരണം. പാർടിയുടെയും വിവിധ വർഗ–- ബഹുജന സംഘടനകളുടെയും പ്രവർത്തകരാകെ പരിപാടിയിൽ അണിനിരക്കും.  ജില്ലയിലെ 1393 സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലായി 3,46,326 വിദ്യാർഥികൾ പഠിക്കുന്നു. ബത്തേരിയിലെ ദുഃഖകരമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌  വിദ്യാലയങ്ങളും പരിസരങ്ങളും ശുചീകരിക്കാനുള്ള ദൗത്യം സിപിഐ എം ഏറ്റെടുക്കുന്നത്‌. 
ജില്ലാ പഞ്ചായത്ത് വിദഗ്‌ധരുടെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാലയങ്ങളുടെ ശുചിത്വപരിശോധന നടത്തിയപ്പോൾ ശുചിമുറികളും പാചക–- ഭക്ഷണശാലകളും പരിസരങ്ങളും വൃത്തിയായി  സൂക്ഷിക്കാത്തതിന്റെ ഫലമായി രോഗസാധ്യത ഏറെയുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. രോഗസാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമാണ് കുട്ടികൾ. ആരോഗ്യമുള്ള തലമുറയെ വാർത്തെടുത്താൽമാത്രമേ പകർച്ചവ്യാധികൾ തടയാൻ കഴിയൂ.  സുരക്ഷിതമായ ശുചിമുറികളും ശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങളും വൃത്തിയുള്ള പാചക–- ഭക്ഷണശാലകളും വൃത്തിയുള്ള പരിസരവും ഓരോ സ്കൂളിന്റെയും ആവശ്യമാണ്.  അതിന് പിടിഎകൾ സജീവമാകേണ്ടതുണ്ട്.  
വിദ്യാലയങ്ങളെ സൗകര്യങ്ങളിലും അക്കാദമിക്‌ നിലവാരത്തിലും അന്താരാഷ്ട്ര പദവിയിൽ എത്തിക്കുന്നതോടൊപ്പം ശുചിത്വത്തിനും പ്രാധാന്യം നൽകാൻ കഴിയണം.  മാതൃകാപരമായ രീതിയിൽ ഇത്തരം സൗകര്യങ്ങളൊരുക്കിയ വിദ്യാലയങ്ങളുമുണ്ട്. എന്നാൽ എല്ലാം അങ്ങനെയല്ല. അതുകൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള ജനകീയ കൂട്ടായ്മ വളർത്തിയെടുക്കാൻ സിപിഐ എം മുൻകൈ എടുക്കുന്നത്.  
വിദ്യാലയ പരിസരം ലഹരിവസ്തുക്കളുടെ കേന്ദ്രമാകുന്നതും വലിയ സാമൂഹ്യപ്രശ്‌നമായിട്ടുണ്ട്‌. ഇത് കണ്ടെത്തി തടയുന്നതിന്‌ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം പരിഹാരമാവില്ല. കടലാസിൽ പൊതിഞ്ഞ മിഠായിയുടെ രൂപത്തിലാണ് ചിലയിടങ്ങളിൽ ലഹരിവസ്തുക്കൾ വിൽപന നടത്തുന്നത്.  ഇത് സ്കൂൾ പരിസരത്തെത്തിക്കാൻ റാക്കറ്റുകൾതന്നെ പ്രവർത്തിക്കുന്നുണ്ട്.  അധ്യാപക–-രക്ഷാകർത്തൃസമിതിയും നാട്ടുകാരും ചേർന്ന് ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ വിദ്യാർഥികളെയും വിദ്യാലയങ്ങളെയും ലഹരിവിമുക്തമാക്കാൻ കഴിയും.   മഹിളാ, യുവജന, അധ്യാപക, വിദ്യാർഥി സംഘടനകളും പിടിഎകളും ഐആർപിസി വളണ്ടിയർമാരും നാട്ടുകാരും ചേർന്നുള്ള കൂട്ടായ്മയാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഉദ്ദേശിക്കുന്നത്. കുട്ടികളിൽ വളർന്നുവരുന്ന ആത്മഹത്യാപ്രവണത തടയൽ  ലക്ഷ്യമാക്കിയുള്ള ക്യാമ്പയിനും ഇതിന്റെ ഭാഗമായിരിക്കുമെന്ന്‌ എം വി ജയരാജൻ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top