05 December Thursday
സിപിഐ എം ഏരിയാ സമ്മേളനം സമാപിച്ചു

തളിപ്പറമ്പ്‌ പ്രദേശത്തെ 
ഭൂപ്രശ്നങ്ങൾ പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

സിപിഐ എം തളിപ്പറമ്പ് ഏരിയാസമ്മേളനത്തിന് സമാപനംകുറിച്ച് മോറാഴയിൽ നടന്ന പ്രകടനം

തളിപ്പറമ്പ്  
പട്ടുവം, കുറുമാത്തൂർ, പരിയാരം വില്ലേജുകളിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങൾ  പരിഹരിക്കണമെന്ന്‌  സിപിഐ എം തളിപ്പറമ്പ് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. വന്യമൃഗ  ആക്രമണങ്ങളിൽനിന്ന്‌ കൃഷിയെയും കർഷകരെയും സംരക്ഷിക്കുക, തൊഴിൽ കോഡുകൾ നടപ്പാക്കുന്നതിൽനിന്ന്‌ കേന്ദ്രസർക്കാർ പിൻമാറുക, നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കുറുമാത്തൂർ ഐടിഐയിൽ എഐ ഉൾപ്പെടെയുളള പുതിയ കോഴ്‌സുകൾ അനുവദിക്കുക, ദേശീയപാത കടന്നുപോകുന്ന കീഴാറ്റൂർ മേഖലയിൽ തിട്ടയിൽപാലത്തിന്‌ സമീപത്തെ അടിപ്പാലത്തിന്റെ അശാസ്‌ത്രീയത പരിഹരിക്കുക, ദേശീയപാതയിൽ പരിയാരത്തിനും ധർമശാലക്കുമിടയിൽ ഹൈവേ വില്ലേജ്‌ പദ്ധതി നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
പൊതുചർച്ചയിൽ 30 പേർ പങ്കെടുത്തു. ചർച്ചകൾക്ക് സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ എംപി, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി കെ സന്തോഷ്‌ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്‌, കെ വി സുമേഷ്‌ എംഎൽഎ എന്നിവർ സംസാരിച്ചു. സ്വാഗതസംഘത്തിനുവേണ്ടി  ഒ സി പ്രദീപൻ നന്ദി പറഞ്ഞു. മോറാഴ സ്‌റ്റംസ്‌ കോളേജിൽനിന്ന് ആരംഭിച്ച ചുവപ്പ് വളന്റിയർമാർച്ചും ബഹുജനപ്രകടനവും ഒഴക്രോം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ  ഉദ്ഘാടനംചെയ്തു. കെ സന്തോഷ്‌ അധ്യക്ഷനായി. ടി കെ ഗോവിന്ദൻ, പി മുകുന്ദൻ, പി കെ ശ്യാമള എന്നിവർ സംസാരിച്ചു. കെ ഗണേശൻ സ്വാഗതം പറഞ്ഞു.

കെ സന്തോഷ്‌ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി

തളിപ്പറമ്പ്
സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി  കെ സന്തോഷിനെ വീണ്ടും തെരഞ്ഞെടുത്തു. 21  അംഗ ഏരിയാ കമ്മിറ്റിയെയും 34 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സി എം കൃഷ്‌ണൻ, കെ ദാമോദരൻ, ടി ബാലകൃഷ്‌ണൻ, ഒ സുഭാഗ്യം, എം വി ജനാർദനൻ, പി സി റഷീദ്‌, കെ ഗണേശൻ, എ രാജേഷ്‌, ടി ലത, പുല്ലായിക്കൊടി ചന്ദ്രൻ, ഐ വി നാരായണൻ, സി അശോക്‌കുമാർ, ഷിബിൻ കാനായി, എൻ അനൂപ്‌, വി സതീദേവി, പി കെ കുഞ്ഞിരാമൻ, വിനോദ്‌കുമാർ പാച്ചേനി, പി പ്രശോഭ്‌, രാജീവൻ പാച്ചേനി, വി ബി പരമേശ്വരൻ എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top