09 December Monday

കുരുക്കിൽപെട്ട്‌ കാസർകോട്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 4, 2018

കുരുക്കഴിക്കലും കെട്ടലും കാസർകോട്‌ പുതിയ സ്‌റ്റാൻഡിനുമുന്നിൽ ഡിവൈഡറിനു പകരം കെട്ടിയ ചരട്‌ കൂട്ടിക്കെട്ടുന്ന പൊലീസുകാരൻ

കാസർകോട്‌
തിങ്കളാഴ്‌ച ഉച്ച സമയം. ദേശീയപാതയിൽ ബസ്‌സ്‌റ്റാൻഡിനു സമീപത്തെ കോഫി ഹൗസിലേക്ക്‌ പോകാൻ പ്രായമായ ഒരു അമ്മയും കുട്ടിയും റോഡ്‌ മുറിച്ചുകടക്കാൻ ശ്രമം തുടങ്ങിയിട്ട്‌ ഏറെ സമയമായിരുന്നു. സീബ്ര വരയുടെ മുന്നിൽതന്നെയാണ്‌ നിൽക്കുന്നത്‌. യാത്രക്കാർക്ക്‌ അവകാശപ്പെട്ട സീബ്ര വരയിൽ കയറിനിന്നാലും രക്ഷയില്ല. വാഹനങ്ങൾ അരികിലൂടെ ചീറിപ്പാഞ്ഞു പോകുമ്പോൾ അന്തിച്ചുനിൽക്കാനേ ഇവർക്കായുള്ളു.
ഇതൊരു ദിവസത്തെ നഗരചിത്രമല്ല. കാസർകോട്‌ നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെയെല്ലാം പതിവുകാഴ്‌ചകളാണ്‌. എങ്ങും ഗതാഗതക്കുരുക്കും അലക്ഷ്യമായ ഓട്ടവും. ഇതിനിടയിൽ പെട്ടുപോകുന്ന പാവം കാൽനട യാത്രക്കാർ. 
പുതിയ സ്‌റ്റാൻഡിൽനിന്ന്‌ ബസുകൾ പുറത്തേക്കിറങ്ങുന്നത്‌ ഒരു സാഹസികമായ പരിപാടിയാണ്‌.  പ്രത്യേകിച്ച്‌ ചന്ദ്രഗിരി, മംഗളൂരു ഭാഗത്തേക്കുള്ള ബസുകളുടേത്‌. ദേശീയപാതയിലേക്ക്‌ ബസുകൾ ഇറങ്ങേണ്ടിടത്തു തന്നെ ഇരുഭാഗത്തും സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്‌. ഇതിനിടയിലൂടെ വേണം ബസുകൾക്ക്‌ റോഡിലേക്കിറങ്ങാൻ. എതിരെ വരുന്ന വാഹനങ്ങളുമുണ്ടാകും. റോഡിലേക്ക്‌ ഇറങ്ങുന്നിടത്തുള്ള കുഴികൾ കയറിയിറങ്ങണം. നീളമേറിയ കെഎസ്‌ആർടിസി ബസുകളുടെ അടിഭാഗം പലപ്പോഴും റോഡിൽ തട്ടും. 
മംഗളൂരു‐ ചന്ദ്രഗിരി ഭാഗത്തേക്കുള്ള ബസുകൾക്ക്‌ റോഡിലേക്ക്‌ തിരിഞ്ഞു കയറണമെങ്കിൽ പിന്നെയും പാടാണ്‌. സർക്കിൾ ഇല്ലാത്തതിന്റെ അഭാവം ഇവിടെ ബസുകൾക്ക്‌ വലിയ പ്രയാസമാകുന്നു. മാത്രമല്ല, മറ്റു വാഹനങ്ങളും ഇവിടെവച്ച്‌ തിരിയാൻ ശ്രമിക്കും. സുഗമമായി തിരിയാൻ തടസ്സമായി ഇവിടെ റോഡരികിൽ വാഹനങ്ങൾ പാർക്കുചെയ്‌തിട്ടുമുണ്ടാകും.  സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബസുകൾ ദേശീയപാതയിലേക്ക്‌ പ്രവേശിക്കുന്നതോടെ റോഡിൽ പിന്നെ ഇരുഭാഗത്തും ഒരു പോലെ കുരുക്കാകും. രോഗികളെയുംകൊണ്ട്‌ കുതിച്ചുപായേണ്ട  ആംബുലൻസുകൾക്കും രക്ഷയില്ല. 
ദേശീയപാതയിൽ പുതിയ സ്‌റ്റാൻഡ്‌ മംഗളൂരു  ജങ്‌ഷൻ മുതൽ അണങ്കൂർ വരെ ഡിവൈഡറുകളുണ്ട്‌. ഇതിനിടയിൽ തിരക്കേറിയ ബസ്‌ സ്‌റ്റാൻഡിനു മുന്നിൽ ചരട്‌ കെട്ടിയാണ്‌ ഡിവൈഡറാക്കിയത്‌. ഇതു പൊട്ടിയാൽ ഇവിടുത്തെ നിയന്ത്രണം തകർന്നു. ഇടയിൽ പരസ്യബോർഡുകൾ ഡിവൈഡറായി വച്ചിട്ടുണ്ടെങ്കിലും ഇവ മറിഞ്ഞുകിടക്കലാണ്‌ പതിവ്‌. കയർ   പൊട്ടിയതിനിടയിലൂടെ നിയന്ത്രണം ലംഘിച്ച്‌ ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നതും പതിവാണ്‌. റോഡരികിലെ അനധികൃത പാർക്കിങ്ങാണ്‌ നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ മറ്റൊരു കാരണം. ഏറെ തിരക്കേറിയ നഗരമല്ലാതിരുന്നിട്ടും സ്വകാര്യ വാഹനങ്ങൾക്ക്‌ പാർക്കിങ്‌ സൗകര്യം ഏർപ്പെടുത്താൻ നഗരസഭയ്‌ക്ക്‌ സാധിച്ചിട്ടില്ല. നഗരത്തിലെ 90 ശതമാനം വ്യാപാരസ്ഥാപനങ്ങൾക്കും പാർക്കിങ്‌ സൗകര്യവുമില്ല. ഇക്കാരണങ്ങൾകൊണ്ട്‌ നഗരത്തിലെത്തുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും റോഡരികിലാണ്‌ നിർത്തിയിടുന്നത്‌. പാർക്കിങ്ങിന്‌ നഗരസഭ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യത്തിന്‌ ഏറെ പഴക്കമുണ്ട്‌. 
നീളം കൂടിയ കണ്ടെയ്‌നറുകളും ഗ്യാസ്‌ ടാങ്കറുകളും പകൽ ദേശീയപാതയിലൂടെ പോകുന്നതും പലപ്പോഴും കുരുക്കുണ്ടാക്കുന്നു. ബസ്‌ സ്‌റ്റാൻഡിനു മുന്നിൽ ഇവയെത്തുന്നതോടെ ഇവിടെ ഗതാഗതസ്‌തംഭനം പതിവാണ്‌.  ഇതിനിടയിലൂടെ കാൽനട യാത്രക്കാർക്ക്‌ റോഡ്‌ കുറുകെ കടക്കാനാണ്‌ ഏറെ പ്രയാസം. ജീവൻ പണയംവച്ചാണ്‌ കാൽനട യാത്രക്കാരുടെ സഞ്ചാരം.  തിരക്കേറിയ സമയത്തുപോലും ട്രാഫിക്‌ പൊലീസുകാരുണ്ടാകുന്നത്‌ ചുരുക്കമാണ്‌.
 
 
 
പ്രധാന വാർത്തകൾ
 Top