23 September Wednesday

തൊടീക്കളം കൊലപാതകം അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബാംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കൂത്തുപറമ്പ് 
തൊടീക്കളത്തെ പുതുശ്ശേരി രാഗേഷിന്റെ കൊലപാതകത്തിൽ സമഗ്രാന്വേഷണം വേണമെന്ന്‌ കുടുംബാംഗങ്ങൾ. ‌ ജൂലൈ അഞ്ചിന്‌ പുലർച്ചെയാണ്‌ തൊടീക്കളം യുടിസി കോളനിക്കടുത്ത് രാഗേഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌.   കേസിൽ കണ്ണവം പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ഭാര്യ ഷിജി മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇ പി ജയരാജൻ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കുനൽകിയ നിവേദനത്തിൽ പറഞ്ഞു. ആയുധംകൊണ്ട് ഹൃദയ ഭാഗത്തേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  പൊലീസ് കോളനിയിലെ രവി, ബാബു എന്നിവരെ അറസ്റ്റ് ചെയ്തു. യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പൊലീസ് തയ്യാറായില്ലെന്നും നിവേദനത്തിൽ പറയുന്നു.  സമീപത്തെ കരിങ്കൽ ക്വാറിയുടെ അനധികൃത പ്രവർത്തനത്തെക്കുറിച്ച് രാഗേഷ്  പരാതി നൽകിയിരുന്നു. ചിലരിൽനിന്ന് നിരന്തര ഭീഷണിയും ഉണ്ടായിരുന്നു. സംഭവം നടക്കുന്നതിന്‌ ഒരുമണിക്കൂർ മുമ്പ്‌ ഏതാനുംപേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും, പൊലീസിനെ അറിയിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്ന്‌ രാഗേഷിന്റെ സഹോദരൻ രജീഷ് പറഞ്ഞു. സിപിഐ എം ചിറ്റാരിപ്പറമ്പ് ലോക്കൽകമ്മിറ്റിയും കൊലപാതകത്തിൽ  സമഗ്രാന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top