15 October Tuesday

ജില്ല വ്യവസായ സൗഹൃദം

പ്രത്യേക ലേഖകൻUpdated: Sunday Aug 4, 2019

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന അദാലത്ത്‌ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ
 ചട്ടങ്ങൾ പാലിക്കണം പക്ഷെ, അത്‌  വ്യവസായങ്ങളെ തകർക്കുന്നതിനാകരുത്‌. സൗഹാർദത്തോടെ നീങ്ങിയാൽ ഒരു പ്രശ്‌നവുമില്ല. സഹായവും സംരക്ഷണവുമായി വ്യവസായ വകുപ്പ് ഒപ്പമുണ്ടാകും. 
വ്യവസായ  മന്ത്രി ഇ പി ജയരാജന്റെ ഈ വാക്കുകളായിരുന്നു  ശനിയാഴ്‌ച കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന  അദാലത്തിന്റെ  ഊർജം.  മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഓരോ ഫയലും ഓരോ ജീവിതമാണെന്ന കാഴ്ചപ്പാടിലാണ് വ്യവസായ വകുപ്പിന്റെ  പ്രവർത്തനം. അതിന്റെ അടിസ്ഥാനത്തിലാണ്  ഇത്തരത്തിലുള്ള അദാലത്ത്‌ നടത്തുന്നതൊന്നും  മന്ത്രി വ്യക്തമാക്കിയതോടെ പരാതി പറയാൻ മടിച്ചവരും മുന്നോട്ടുവന്ന്‌  എല്ലാം പറഞ്ഞു. 
ഈസ് ഓഫ് ഡൂയിങ് ബിസിനസ് പദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിച്ചുവരികയാണ്. ഒരു പുതിയരീതി അവലംഭിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങൾ മാത്രമാണുള്ളത്. കെ സ്വിഫ്റ്റ് ഉൾപ്പെടെ എല്ലാ പദ്ധതികളും മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
നോക്കുകൂലി പോലുള്ള പരാതി ചിലയിടങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ട് പരിഹാരം കണ്ടിട്ടുണ്ട്. കിൻഫ്ര,  കെഎസ്ഐഡിസി  തുടങ്ങിയവയുടെ ജില്ലയിലെ  പ്രവർത്തനം കൂടുതൽ ഊർജിതമാക്കി അനുയോജ്യമായ  അടിസ്ഥാന സൗകര്യങ്ങൾ  സംരംഭകർക്ക് ലഭ്യമാക്കും.  
സർക്കാരിന്റെ  അംഗീകാരമില്ലാതെ ചട്ടങ്ങളിലും  ഭേദഗതികളിലും  മാറ്റംവരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നടപടി തെറ്റാണ്. അത്തരത്തിലുള്ള പ്രവണത അംഗീകരിക്കാനാവില്ലെന്നും പരാതിക്ക് മറുപടിയായി മന്ത്രി പറഞ്ഞു. 
136 അപേക്ഷകളാണ് അദാലത്തിൽ  ലഭിച്ചത്. ഇതിൽ 90 അപേക്ഷ തീർപ്പാക്കുകയും 18 എണ്ണം തുടർനടപടിക്കായി സർക്കാരിലേക്ക് അയക്കുകയും ചെയ്തു. 28 അപേക്ഷകളിന്മേലുള്ള നടപടി പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ഇവയിൽ തീർപ്പ് കൽപ്പിക്കും. വ്യവസായം, വാണിജ്യം, കൈത്തറി, ഖനനം, കിൻഫ്ര, സിഡ്‌കോ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ്  എത്തിയത്.  കലക്ടർ ടി വി സുഭാഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ ബിജു,  മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി  എം പ്രകാശൻ എഡിഎം  ഇ പി മേഴ്‌സി,  വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top