15 July Wednesday
ഓൺലൈൻ ക്ലാസ്

തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

കണ്ണൂർ

ജില്ലയിലെ മുഴുവൻ സ്‌കൂൾ വിദ്യാർഥികൾക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ ക്ലാസ്‌ ചലഞ്ച്‌ വിജയിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് അഭ്യർഥിച്ചു.  പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാവുന്ന സ്മാർട്ട് ഫോൺ, കംപ്യൂട്ടർ, ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ കുട്ടികൾക്ക് ടിവിയോ സ്മാർട്ട് ഫോണോ ലഭ്യമാക്കുകയാണ്  ലക്ഷ്യം. ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഇത്തരത്തിലുള്ള വിദ്യാർഥികളുടെ കണക്കെടുപ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് പ്രാദേശിക തലത്തിൽ ആവശ്യമായ ഇടപെടലുകൾ തദ്ദേശസ്ഥാപനങ്ങൾ നടത്തണം. ഓൺലൈൻ പഠനത്തിനുള്ള സൗകര്യം മുഴുവൻ കുട്ടികൾക്കും ലഭിക്കുന്നുവെന്ന്  ഉറപ്പാക്കണം. 
ആറളം മേഖലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി കോളനികൾ കേന്ദ്രീകരിച്ച് 19 പഠന കേന്ദ്രങ്ങൾ ജില്ലാ പഞ്ചായത്ത്‌ ഒരുക്കും. ഇവിടേക്ക് ആവശ്യമായ ടിവിയും ഡിടിഎച്ച് സൗകര്യവും  ലഭ്യമാക്കും. ഡിടിഎച്ച് സംവിധാനത്തിനുള്ള ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. 
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇ ക്ലാസ് ചലഞ്ചിന്റെ ഭാഗമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ടിവിയും ടാബ്‌ലെറ്റ് കംപ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും സംഭാവന നൽകാൻ തയ്യാറായിട്ടുണ്ട്.  കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി 11 ടിവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷിന് കൈമാറി.  പി വി ലതീഷ്, എ എൻ ശ്രീലാകുമാരി, പി പ്രീജ, ടി പി സൂരജ്, സി ജഗദീശൻ എന്നിവർ പങ്കെടുത്തു.  ആറളം സ്‌കൂൾ വിദ്യാർഥികൾക്കായി 10 ടിവിയും 12 ഡിടിഎച്ച് കണക്ഷനുള്ള സംവിധാനവും ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി നൽകി.
ജില്ലാ പ്ലൈവുഡ് ആൻഡ്‌ ബ്ലോക്ക് ബോർഡ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ അഞ്ച് സ്മാർട്ട് ഫോൺ വാഗ്‌ദാനം ചെയ്തു. മൗവ്വഞ്ചേരി സഹകരണ ബാങ്ക് ജീവനക്കാർ നാലും ജില്ലാ പഞ്ചായത്ത് ജീവനക്കാർ രണ്ടും ടിവി സെറ്റ് നൽകി.  എസ്എഫ്ഐ 300ഉം കണ്ണൂർ എൻജിനിയറിങ്  കോളേജ് പൂർവവിദ്യാർഥി കൂട്ടായ്മ 30 ടിവികളും കണ്ണൂർ ചേകവർ ചാരിറ്റബിൾ ട്രസ്റ്റ് 10 ടാബുകളും വാഗ്ദാനം ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top