15 May Saturday
53.25 ശതമാനം വോട്ട്‌

ഇടതുതേരോട്ടം, ചരിത്ര മുന്നേറ്റം

കെ ടി ശശിUpdated: Tuesday May 4, 2021

കണ്ണൂർ

കണ്ണൂരിൽ ഇടതുപക്ഷ പ്രസ്ഥാനം ഇന്നും അജയ്യമാണെന്ന വിളംബരമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പുഫലം. 11 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതും നേടി ചരിത്രവിജയം കരസ്ഥമാക്കിയ എൽഡിഎഫ്‌ വോട്ടുവിഹിതത്തിലും അവിശ്വസനീയ കുതിപ്പു നടത്തി. ആകെ പോൾ ചെയ്‌തതിന്റെ 53.25 ശതമാനം വോട്ടാണ്‌ മുന്നണിക്ക്‌. നാലുമാസം മുമ്പു നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാളും 1.78 ശതമാനത്തിന്റെ വർധന.
   പതിനൊന്നു മണ്ഡലങ്ങളിലുമായി 16,43,654 വോട്ടാണ്‌  പോൾ ചെയ്‌തത്‌. ഇതിൽ 8,75,299 വോട്ടും എൽഡിഎഫിനു ലഭിച്ചു (53.25 ശതമാനം). യുഡിഎഫിന്‌ 6,06,305 വോട്ട്‌–- 36.88 ശതമാനം. യുഡിഎഫിനേക്കാൾ 2,68,994 വോട്ട്‌ എൽഡിഎഫ്‌ കൂടുതൽ നേടി. ബിജെപിക്കാകട്ടെ സ്ഥാനാർഥിയില്ലാതിരുന്ന തലശേരി ഒഴികെയുള്ള പത്തു മണ്ഡലങ്ങളിലായി 1,33,878 വോട്ടുമാത്രം. പോൾ ചെയ്‌ത വോട്ടിന്റെ 8.14 ശതമാനം. 
      2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്‌ത 15,65,433 വോട്ടിൽ 8,22,087 വോട്ടാണ്‌ എൽഡിഎഫിനു ലഭിച്ചത്‌. 52.51 ശതമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 51.47 ശതമാനം വോട്ടായിരുന്നു. ആകെ പോൾ ചെയ്‌ത 15,71,887 വോട്ടിൽ 8,09,076 വോട്ടാണ്‌ ലഭിച്ചത്‌. 
മഹാഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും 66.4 ശതമാനം സീറ്റുകളും നേടി പ്രാദേശികഭരണ രംഗത്ത്‌ സമാഗ്രാധിപത്യം സ്ഥാപിച്ചെങ്കിലും കണ്ണൂർ കോർപറേഷനിലുണ്ടായ തിരിച്ചടിയാണ്‌ വോട്ടുനിലയിൽ നേരിയ കുറവുവരുത്തിയത്‌. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട്‌ മണ്ഡലംകൂടി പിടിച്ചെടുത്ത്‌ എൽഡിഎഫ്‌ ഉജ്വല മുന്നേറ്റം നടത്തി.  
     എൽഡിഎഫ്‌ വോട്ടുവിഹിതം ക്രമാനുഗതമായി വർധിക്കുമ്പോൾ നിശ്‌ചലാവസ്ഥയിലും സമ്പൂർണ തകർച്ചയിലുമാണ്‌ യുഡിഎഫും ബിജെപിയും. 
തദ്ദേശതെരഞ്ഞെടുപ്പിൽ 5,75,990 വോട്ടാണ്‌ യുഡിഎഫിനു ലഭിച്ചത്‌. 36.64 ശതമാനം. പല മണ്ഡലങ്ങളിലും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയിട്ടും ഏറെക്കുറെ ഇതിനു തുല്യമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലും. രഹസ്യവും പരസ്യവുമായ അവിശുദ്ധസഖ്യത്തിലൂടെ  ബിജെപി സമ്പൂർണമായി തകർന്നു. തലശേരിയിൽ സ്ഥാനാർഥിയുണ്ടായിരുന്നെങ്കിൽപോലും വോട്ടുവിഹിതം പത്തു ശതമാനത്തിൽ താഴെ നിൽക്കുമെന്നതാണ്‌ നില. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top