07 June Sunday

മോഷണക്കേസ്‌ പ്രതി തടവുചാടി; വൈകിട്ടോടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

കണ്ണൂർ

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്‌ രക്ഷപ്പെട്ട തടവുകാരൻ  24 മണിക്കൂറിനകം പിടിയിലായി. യുപി ആമീർപുർ സ്വദേശിയായ അജയ് ബാബു (19) വ്യാഴാഴ്‌ച അർധരാത്രിയോടെയാണ്‌ തടവുചാടിയത്‌. വൈകിട്ടോടെ താവത്തുനിന്ന്‌  കണ്ണപുരം പൊലീസ്‌ പിടികൂടുകയായിരുന്നു. 
 മോഷണക്കേസിൽ വിചാരണത്തടവുകാരനായ യുവാവ്‌ സെൻട്രൽ ജയിലിലെ കോവിഡ്‌–- 19 ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഈ മുറിയുടെ വെന്റിലേറ്റർ ഇളക്കിമാറ്റി മതിൽ ചാടിയാണ് കടന്നുകളഞ്ഞത്.
കാസർകോട് കനറാ ബാങ്ക്‌ ശാഖയിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ്. മാർച്ച് 25നാണ് കാസർകോട്ടുനിന്നും സെൻട്രൽ ജയിലിൽ എത്തിച്ചത്.  കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്ചെയ്ത കാസർകോട്ടുനിന്നും കൊണ്ടുവന്ന ആളായതിനാൽ ജയിലിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. 
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ താവം ക്രിസ്‌ത്യൻ പള്ളിക്കു സമീപം റെയിൽവേ ട്രാക്കിൽ യുവാവ്‌ അവശനിലയിൽ ഇരിക്കുന്നതു കണ്ട നാട്ടുകാർ പൊലീസിൽ വിവിരമറിയിച്ചു. കണ്ണപുരം എസ്ഐ ടി വി ബിജു പ്രകാശിന്റെ  നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ജയിൽ ചാടിയ ആളാണെന്ന് തിരിച്ചറിഞ്ഞത്. ജയിൽ അധികൃതരെത്തി പ്രതിയെ തിരിച്ചറിഞ്ഞു. ജയിൽചാട്ടത്തിന്‌ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർചെയ്തതിനാൽ കണ്ണൂരിൽനിന്നെത്തിയ പൊലീസ് സംഘം കൂട്ടിക്കൊണ്ടുവന്ന്‌ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രാത്രിതന്നെ ജയിലിലെത്തിച്ചു. കണ്ണപുരം എഎസ്ഐമാരായ മനീഷ്, നികേഷ്, രാജേഷ്, എസി സിപി ഒ രാജീവൻ, ഹോം ഗാർഡ് ഗംഗാധരൻ എന്നിവരും സംഘത്തിലുണ്ടായി.
ഗതാഗതസൗകര്യമല്ലാത്തതിനാൽ പ്രതി അധികദൂരം പോകാൻ ഇടയില്ലെന്ന ധാരണയിൽ പൊലീസ്‌ രാവിലെമുതൽ പരക്കെ തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ്‌ പിടിയിലായത്‌.
പ്രധാന വാർത്തകൾ
 Top