10 August Monday

മഴയിൽ 20 ഏക്കർ വയൽ വെള്ളത്തിനടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
പയ്യന്നൂർ
കനത്ത മഴയിൽ കരിവെള്ളൂർ തെക്കെ മണക്കാട്ടെ പാക്കത്തിൻതാഴെ പാടശേഖരത്തിലെ 20 ഏക്കർ നെൽവയൽ വെള്ളത്തിനടിയിലായി. മരുതനിലം കാർഷികകൂട്ടായ്മയുടെ ആഴ്ചകളോളമുള്ള അധ്വാനമാണ്‌ അപ്രതീക്ഷിതമായ മഴയിൽ നശിച്ചത്‌. കൃഷിയിൽ താൽപര്യമുള്ള ഒരുസംഘം ആളുകളുടെ കൂട്ടായ്മയാണ് മരുതനിലം. 
കൂട്ടായ്‌മയുടെ ചെയർമാനും സിപിഐ എം കരിവെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയംഗമായ കൂത്തുര് നാരായണന്റെ നേതൃത്വത്തിൽ തെക്കെ മണക്കാട്ടെ റിട്ട. എയർഫോഴ്സ് ജീവനക്കാരൻ കെ പി വി മോഹനൻ, പെയിന്റിങ്‌ തൊഴിലാളി എം സോമൻ, എഎസ്ഐ എൻ കെ സതീഷ്‌കുമാർ, സഹകരണ ബാങ്ക് ജീവനക്കാരൻ ടി വി ശിവാനന്ദൻ, പയ്യന്നൂർ ബാറിലെ അഡ്വ. എം വി വിനോദ്, ബാർബർ തൊഴിലാളികളായ എൻ നാരായണൻ, എൻ കുഞ്ഞികൃഷ്ണൻ എന്നിവർ ഒരു മാസത്തോളമായി ഒഴിവുസമയങ്ങളിൽ വയലിൽതന്നെയായിരുന്നു. 
മരുതനിലത്തിന്റെ സ്വന്തം വയലിലും കോട്ടൂർ വയൽ പാടശേഖരത്തിലെ മുപ്പതോളം കർഷകരുടെ തരിശിട്ട വയലുകളിലും കൃഷിയിറക്കി പാടശേഖരത്തെ പൂർണമായും തരിശ് രഹിതമാക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി അത്യുൽപാദനശേഷിയുള്ള 250 കിലോ ഉമ നെൽവിത്ത് കൊണ്ട് ഞാറ്റടി തയ്യാറാക്കി. അഞ്ചിന്‌ ഞാറ് നടീൽ ഉത്സവം നടത്താൻ തീരുമാനിച്ചതായിരുന്നു.  ഇതിനിടയിലാണ് മഴയിൽ വെള്ളം കയറിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top