22 October Tuesday

പൊലീസ്‌ മാന്വൽ പരിഷ്‌കരിക്കുക: കെപിഒഎ

പ്രത്യേക ലേഖകൻUpdated: Tuesday Sep 3, 2019

കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക്‌ സ്വീകരിക്കുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡിജിപി ലോകനാഥ്‌ ബെഹ്‌റ എന്നിവർ സമീപം.

കണ്ണൂർ

പൊലീസ്‌ മാന്വൽ പരിഷ്‌കരിക്കണമെന്ന്‌ കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കാലപ്പഴക്കമുള്ള പൊലീസ്‌ മാന്വലാണ്‌ സംസ്ഥാനത്ത്‌ നിലവിലുള്ളത്‌. സ്‌ത്രീസുരക്ഷാ സംബന്ധമായ പുതിയ നിയമങ്ങളെയോ പോക്‌സോ അടക്കമുള്ള ആധുനിക നിയമങ്ങളെയോ സൈബർ നിയമങ്ങളെയോ സംബന്ധിച്ച പരാമർശങ്ങളൊന്നും മാന്വലിൽ ഇല്ല. പുതിയ കാലത്തെ പ്രശ്‌നങ്ങൾകൂടി കണക്കിലെടുത്ത്‌ മാന്വൽ പരിഷ്‌കരിക്കണം.
   പൊലീസ്‌ സ്‌റ്റേഷനുകളിൽ എസ്‌എച്ച്‌ഒ തസ്‌തിക ഇൻസ്‌പെക്ടർ റാങ്കിലേക്ക്‌ ഉയർത്തിയത്‌ 268 സബ്‌ ഇൻസ്‌പെക്ടർ തസ്‌തികകൾ അപ്‌ഗ്രേഡ്‌ ചെയ്‌താണ്‌.  ഇത്രയും എസ്‌ഐ തസ്‌തിക നഷ്ടപ്പെടുന്നതിനും സിപിഒമാരായി സർവീസിൽ കയറിയവർക്ക്‌ 134 സബ്‌ ഇൻസ്‌പെക്ടർ പ്രമോഷൻ നഷ്ടപ്പെടുന്നതിനും  കാരണമായി.  ഇതു പരിഹരിക്കുന്നതിന്‌ 268 എസ്‌ഐ തസ്‌തികകൾ പുതുതായി അനുവദിക്കുകയോ എസ്‌ഐ റാങ്കിനുതാഴെയുള്ള എല്ലാ റാങ്കുകളിലെയും 268 തസ്‌തികകൾ വീതം അപ്‌ഗ്രേഡ്‌ ചെയ്യുകയോ വേണം. സബ്‌ ഇൻസ്‌പെക്ടർ തസ്‌തികയിലെ സ്ഥാനക്കയറ്റ അപാകം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
   പ്രതിനിധി സമ്മേളനം മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ ഡി കെ പൃഥ്വിരാജ്‌ അധ്യക്ഷനായി. തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ, കണ്ണൂർ ജില്ലാ പൊലീസ്‌ മേധാവി പ്രതീഷ്‌കുമാർ, കേരള പൊലീസ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി പി ജി അനിൽകുമാർ  എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി സി ആർ ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ എസ്‌ ഔസേപ്പ്‌ കണക്കും അവതരിപ്പിച്ചു. ആർ മനോജ്‌ കുമാർ പ്രമേയങ്ങളും പി പി മഹേഷ്‌ ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി രമേശൻ നന്ദി പറഞ്ഞു.
   പൊതുസമ്മേളനം വ്യവസായമന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സണ്ണി ജോസഫ്‌ എംഎൽഎ, കണ്ണൂർ റേഞ്ച്‌ ഡിഐജി കെ സേതുരാമൻ, കേരള പൊലീസ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ടി എസ്‌ ബൈജു എന്നിവർ സംസാരിച്ചു. ഡി കെ പൃഥ്വിരാജ്‌ അധ്യക്ഷനായി. സി ആർ ബിജു സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ഇ പി സുരേശൻ നന്ദിയും പറഞ്ഞു.
എട്ടു മണിക്കൂർ ജോലി സമയം പൂർണമായി നടപ്പാക്കുക, പൊലീസ്‌ സബ്‌ഡിവിഷനുകളുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കുക, 2011ൽ നിയമസഭ പാസാക്കിയ പൊലീസ്‌ ആക്ടിന്‌ ചട്ടങ്ങൾ രൂപീകരിക്കുക, പൊലീസ്‌ സ്‌റ്റേഷനുകളെ ജോല ഭാരത്തിനനുസരിച്ച്‌ ഗ്രേഡിങ്‌ നടത്തുകയും ആവശ്യമായ അംഗസംഖ്യ അനുവദിക്കുകയും ചെയ്യുക, ഇന്റലിജൻസ്‌ വിഭാഗം പരിഷ്‌കരിക്കുക, ക്രൈംബ്രാഞ്ചിന്റെ അംഗബലം വർധിപ്പിക്കുക, വനിതാ പൊലീസ്‌ സ്‌റ്റേഷനുകളിലും എസ്‌എച്ച്‌ഒ പദവിയിൽ ഇൻസ്‌പെക്ടർ റാങ്കിലുള്ളവരെ നിയമിക്കുകതുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പ്രധാന വാർത്തകൾ
 Top