19 September Saturday

എംഎൽഎയെ വധിക്കാൻ നീക്കം ആർഎസ്എസ്‌ ക്വട്ടേഷൻ സംഘത്തെക്കുറിച്ച്‌ സമഗ്രാന്വേഷണം വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 

പയ്യന്നൂർ
പി വി അൻവർ എംഎൽഎയെ വധിക്കാനുള്ള നീക്കത്തിനിടെ നിലമ്പൂരിൽ പിടിയിലായ  ആർഎസ്എസ് ക്വട്ടേഷൻ സംഘത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കണമെന്ന്‌ സിപിഐ എം പയ്യന്നൂർ ഏരിയാകമ്മറ്റി ആവശ്യപ്പെട്ടു. കൊലപാതക കേസിലടക്കം നിരവധി ക്രിമിനിൽ കേസിൽ പ്രതിയാണ്‌ സംഘത്തലവൻ എട്ടിക്കുളം മൊട്ടക്കുന്നിലെ എം വിപിൻ.  കുന്നരു കാരന്താട്ട്‌  സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുമാണ്‌. സഹോദരൻ വൈശാഖും ഇതേ കേസിൽ പ്രതിയാണ്.  ധനരാജിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ ബൈക്കിൽ വരികയായിരുന്ന ഡിവൈഎഫ‌്ഐ പ്രവർത്തകരെ ബോംബെറിഞ്ഞ‌് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും  നിരവധി  വീടുകൾ  ബോംബെറിഞ്ഞ്‌ തകർത്ത കേസിലും ഇവർ പ്രതികളാണ്.
സിഐടിയു പ്രവർത്തകനായിരുന്ന ഓട്ടോഡ്രൈവർ ടി വി രതീഷിനെ പയ്യന്നൂരിൽനിന്നും ഓട്ടോ ട്രിപ്പ‌് വിളിച്ച‌് കൊണ്ടുപോയി മാടായിപ്പാറയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും വിപിൻ പ്രതിയാണ‌്.  മൊട്ടക്കുന്നിൽ ആർഎസ്എസ്സുകാർ  ബോംബ് നിർമാണവും ആയുധ പരിശീലനവും നടത്തുന്നുണ്ട്‌.  പ്രദേശത്തോട്‌ ചേർന്ന നാവിക അക്കാദമി വളപ്പിൽനിന്നും വാളുകളും ബോംബുനിർമാണ സാമഗ്രികളും പിടികൂടിയതും നാടിനെ ഞെട്ടിച്ചു.  പ്രദേശത്തുനിന്ന്‌ രാത്രികാലത്ത്‌ സ്ഫോടന ശബ്ദങ്ങൾ കേൾക്കാറുള്ളത് പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. വിപിന്റെ നേതൃത്വത്തിലുള്ള ആർഎസ്എസ് സംഘത്തെക്കുറിച്ച് സമഗ്രാന്വേഷണം  നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ഏരിയാസെക്രട്ടറി വി കുഞ്ഞികൃഷ്‌ണൻ  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top