26 May Tuesday

കണ്ണൂർ മേയർക്കെതിരെ എൽഡിഎഫ്‌ അവിശ്വാസ പ്രമേയ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
കണ്ണൂർ
കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്‌ണനെതിരെ എൽഡിഎഫ്‌ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നൽകി. ജില്ലാ വരണാധികാരിയായ കലക്ടർ ടി വി സുഭാഷിന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി  സെക്രട്ടറി എൻ ബാലകൃഷ്‌ണനും ക്ഷേമകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വെള്ളോറ രാജനും ചേർന്നാണ്‌ നോട്ടീസ്‌ നൽകിയത്‌. അവിശ്വാസ പ്രമേയം പരിഗണിക്കുന്ന തിയതി പിന്നീട്‌ അറിയിക്കുമെന്ന്‌ കലക്ടർ പറഞ്ഞു.
  കോർപ്പറേഷൻ കൗൺസിലിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും മേയർപദവിയിൽ കടിച്ചുതൂങ്ങി നിൽക്കുകയാണ്‌ കെപിസിസി ജനറൽ സെക്രട്ടറികൂടിയായ സുമാ ബാലകൃഷ്‌ണൻ. 2019 സെപ്‌തംബർ നാലിനാണ്‌ അവർ മേയറായി ചുമതലയേറ്റത്. മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ്‌ മറുകണ്ടം ചാടിയതിനെ തുടർന്ന്‌ എൽഡിഎഫ്‌ ഭരണസമിതിയെ അട്ടിമറിച്ചായിരുന്നു സ്ഥാനാരോഹണം. 
എന്നാൽ, മുസ്ലിംലീഗിലെ കെ പി എ സലിം  എൽഡിഎഫിന്‌ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്‌ ഇപ്പോൾ 27 അംഗങ്ങൾ മാത്രമായി. എൽഡിഎഫ്‌ പക്ഷത്ത്‌ 28 പേരും. മാർച്ച്‌ 20ന്‌ നടന്ന അവിശ്വാസ പ്രമേയത്തിൽ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ്‌ പുറത്താവുകയുംചെയ്‌തു.  
ഭൂരിപക്ഷം നഷ്ടപ്പെട്ടതിനു പുറമെ, ചട്ടങ്ങളും നിയമങ്ങളും ജനാധിപത്യമര്യാദകളും കാറ്റിൽപറത്തിയാണ്‌ സുമാ ബാലകൃഷ്‌ണന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഭരണമെന്നും അവിശ്വാസപ്രമേയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽപ്പോലും എൽഡിഎഫ്‌ കൗൺസിലർമാരെ  സഹകരിപ്പിക്കാതെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുകയാണ്‌ യുഡിഎഫ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top