03 June Wednesday

രാസവസ്‌തു ഗോഡൗണിൽ തീപിടിത്തം; അഗ്നിരക്ഷാ സേനയും പകച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കണ്ണൂർ താളിക്കാവിൽ രാസവസ്‌തു ഗോഡൗണിലുണ്ടായ തീപിടിത്തം അഗ്‌നിരക്ഷാസേന ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിച്ച്‌ അണയ്‌ക്കുന്നു

കണ്ണൂർ
രാസവസ്‌തു ഗോഡൗണിലുണ്ടായ തീപിടിത്തം നഗരത്തെ നടുക്കി. താളിക്കാവിലെ ഗിരീഷ്‌ കുമാർ ഡൈസ്‌ ആൻഡ്‌ കെമിക്കൽസ്‌ എന്ന സ്ഥാപനത്തിൽ വ്യാഴാഴ്‌ച പകൽ മൂന്നരയോടെയാണ്‌ തീപിടിത്തമുണ്ടായത്‌. തൊട്ടടുത്ത രണ്ടു കടകളിലേക്കും തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ വലിയൊരത്യാഹിതം തടയാനായി. ലോക്‌ഡൗൺ കാരണം പ്രദേശം വിജനമായിരുന്നതും സൗകര്യമായി.  
അഗ്നിരക്ഷാ സേനയെത്തി വെള്ളംചീറ്റാൻ തുടങ്ങുന്നതിനിടെയാണ്‌ രാസവസ്‌തു ഗോഡൗണിലാണ്‌ തീപിടിത്തമെന്നു മനസ്സിലായത്‌. വിഷപ്പുക ഇതിനകം പ്രദേശത്താകെ നിറഞ്ഞിരുന്നു. ബ്ലീച്ചിങ്‌ പൗഡറും കാസ്‌റ്റിക്‌ സോഡയും ഹൈഡ്രോസ്‌ എന്ന രാസപദാർഥവുമായിരുന്നു ഗോഡൗണിൽ. പകച്ചുപോയ ഉദ്യോഗസ്ഥർ ഉടനെ രണ്ടു യൂണിറ്റുകളെ തിരിച്ചയച്ച്‌ ഡ്രൈ കെമിക്കൽ പൗഡർ (ഡിസിപി) വരുത്തി. ഇതുപയോഗിച്ചാണ്‌ തീ നിയന്ത്രിച്ചത്‌. ഇതിനിടെ വിവരമറിഞ്ഞ്‌ ടൗൺ പൊലീസുമെത്തി. 
പൊലീസുകാരെയടക്കം സ്ഥലത്തുനിന്ന്‌ ഒഴിപ്പിച്ചായിരുന്നു രക്ഷാപ്രവർത്തനം.  സോഡാക്കാരം വെള്ളത്തിൽ കലക്കിയ ലായനിയും മണലും ഉപയോഗിച്ചു. അഗ്നിരക്ഷാ സേന ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ്‌ തീ പൂർണമായും കെടുത്തിയത്‌. മേഖലാ ഫയർ ഓഫീസർ രഞ്‌ജിത്ത്‌, ജില്ലാ ഫയർ ഓഫീസർ എൻ രാമകുമാർ, സ്‌റ്റേഷൻ ഓഫീസർ കെ വി ലക്ഷ്‌മണൻ എന്നിവർ നേതൃത്വം നൽകി. 
നൂറു കിലോ ഡിസിപി ഉപയോഗിച്ചതായി സ്‌റ്റേഷൻ ഓഫീസർ പറഞ്ഞു. പൂതപ്പാറയിലെ പി സുധാകരന്റെ  ഉടമസ്ഥതയിലുള്ളതാണ്‌ സ്ഥാപനം. 3600 കിലോ ബ്ലീച്ചിങ്‌ പൗഡറും 4448 കിലോ കാസ്‌റ്റിക്‌ സോഡയും 2366 കിലോ ഹൈഡ്രോസും പൂർണമായും കത്തി. ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
സോഡിയം ഹൈഡ്രോ സൾഫൈറ്റ്‌–- സോഡിയം ഡൈത്തിയോണൈറ്റ്‌ എന്ന രാസപദാർഥമാണ്‌ ഹൈഡ്രോസ്‌ എന്നറിയപ്പെടുന്നത്‌. ഇതിൽ വെള്ളം കലർന്നാൽ തീപിടിക്കുന്ന സോഡിയം ഹൈഡ്രോസൾഫേറ്റായി മാറും. ഏതോ രീതിയിൽ വെള്ളം തട്ടിയതാകാം അപകടകാരണമെന്നാണ്‌ നിഗമനം.   തൊട്ടടുത്ത പ്രണവ്‌ ഹോട്ട്‌ ആൻഡ്‌ കൂൾ, ജോയ്‌സ്‌ ഹെർബൽ റെവലൂഷൻസ്‌ എന്നീ കടകളിലേക്കാണ്‌ തീ പടർന്നത്‌. ഇത്‌ വെള്ളം ചീറ്റി എളുപ്പത്തിൽ കെടുത്താനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top