14 August Friday

എസ്‌എസ്‌എൽസി കഴിഞ്ഞാൽ...

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കണ്ണൂർ

എസ്‌എസ്‌എൽസിക്കുശേഷം വൈവിധ്യങ്ങളുടെ പഠനമേഖലയിലേക്കാണ്‌ കാൽവയ്‌ക്കുന്നത്‌. ഉപരിപഠന സാധ്യതകളും കോഴ്‌സുകളും ഏറെയാണെങ്കിലും ജോലിസാധ്യതകൂടി കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം. ഇഷ്ടമുള്ള ജോലി നേടിയെടുക്കാൻ അതേ മേഖലയിലെ കോഴ്‌സുകൾ  തെരഞ്ഞെടുക്കണം.
ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‌സ്‌, ഹ്യൂമാനിറ്റീസ്‌ വിഭാഗങ്ങളിലാണ്‌ പ്രധാനമായും കോഴ്‌സുകൾ. ഇതിൽ തന്നെ വൈവിധ്യങ്ങളായ കോംബിനേഷനുകളുണ്ട്‌. 
സയൻസ്‌ ഗ്രൂപ്പിൽ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്‌സ്‌, ബയോളജി എന്നിവയ്‌ക്ക്‌ പുറമെ കംപ്യൂട്ടർ സയൻസ്‌, ജിയോളജി, ഹോംസയൻസ്‌, ഇലക്ട്രോണിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, സൈക്കോളജി എന്നിവയുണ്ട്‌. 
 ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി,  ഗാന്ധിയൻ സ്റ്റഡീസ്,  ഇസ്‌ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രപ്പോളജി,   കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ, ജേർണലിസം  എന്നിവയാണ്‌ ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ കോമ്പിനേഷനായി ഉണ്ടാകുക. 
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, മാത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/പൊളിറ്റിക്‌സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങൾ കൊമേഴ്‌സ്‌ ഗ്രൂപ്പിലുണ്ട്‌. 
വിഎച്ച്‌എസ്‌ഇ
തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ അടങ്ങിയ വൊക്കേഷണൽ ഹയർസെക്കൻഡറി കാതലായ പരിഷ്‌കരണഘട്ടത്തിലാണ്‌. എല്ലാ തൊഴിൽ അധിഷ്‌ഠിത കോഴ്‌സുകളും നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കി(എൻഎസ്‌ക്യൂഎഫ്‌)ലേക്ക്‌ മാറ്റണമെന്ന്‌ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനത്തെ 66 തൊഴിലധിഷ്‌ഠിത ഹയർസെക്കൻഡറി സ്‌കൂളുകളിൽ പൈലറ്റ്‌ പദ്ധതി നടപ്പാക്കി. മറ്റു മുഴുവൻ ‌ സ്‌കൂളുകളിലേക്കും‌ വ്യാപിപ്പിക്കാനുള്ള ശ്രമം പുരോമിക്കുകയാണ്‌. 
ഐടിഐ
ജില്ലയിൽ പത്ത്‌ ഗവ. ഐടിഐകളും 37 സ്വകാര്യ ഐടിഐകളുമുണ്ട്‌. എൻസിവിടി, എസ്‌സിവിടി അഫിലിയേഷനുള്ള കോഴ്‌സുകൾക്ക്‌ ജോലി സാധ്യതയും ഏറെയാണ്‌. 
ഡ്രാഫ്‌റ്റ്‌സ്‌മാൻ സിവിൽ/ മെക്കാനിക്കൽ, സർവെയർ, ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്ക്‌, മെക്കാനിക്ക്‌ റഫ്രിജറേറ്റർ ആൻഡ്‌ എസി, മോട്ടോർ വെഹിക്കിൾ, പ്ലംബർ, ഇലക്ട്രീഷൻ, ഇലക്ട്രോണിക്‌ മെക്കാനിക്ക്‌, ടർണർ, ഫിറ്റർ, വെൽഡർ തുടങ്ങി വൈവിധ്യങ്ങളായ ട്രേഡുകളിലേക്ക്‌ എസ്‌എസ്‌എൽസി വിജയിച്ച വിദ്യാർഥികൾക്ക്‌ പ്രവേശനം നേടാം. കൂടാതെ ഫയർ ആൻഡ്‌ സേഫ്‌റ്റി, വെൽഡിങ്‌‌, ഓട്ടോ കാഡ്‌, സിഎൻസി ടർണിങ്‌‌ തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളും ഉണ്ട്‌. 
പോളിടെക്‌നിക്ക്‌
തൊഴിൽ നൈപുണ്യവികസനത്തിലൂന്നിയുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളാണ് പോളിടെക്‌നിക്കുകളിൽ.  ജില്ലയിൽ അഞ്ച്‌ ഗവ. പൊളിടെക്‌നിക്ക്‌ കോളേജുകളുണ്ട്‌. സിവിൽ എൻജിനിയറിങ്‌‌, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌‌, ഇലക്ട്രോണിക്‌ എൻജിനിയറിങ്‌‌, മെക്കാനിക്കൽ എൻജിനിയറിങ്‌‌, ടെക്‌സ്‌റ്റൈൽ ടെക്‌നോളജി, വുഡ്‌ ആൻഡ്‌ പേപ്പർ ടെക്‌നോളജി, ബയോമെഡിക്കൽ എൻജിനിയറിങ്‌, കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻസ്‌ എൻജിനിയറിങ്‌‌ എന്നിങ്ങനെ ഈ മേഖലയിലെ കോഴ്‌സുകളോരോന്നും സവിശേഷ പ്രാധന്യമുള്ളവയാണ്‌. 
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ(എഐസിടിഇ)അംഗീകരിച്ച കോഴ്‌സുകൾ‌ ഒന്നുമുതൽ മൂന്ന്‌ വർഷംവരെ ദൈർഘ്യമുള്ളവയാണ്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top