10 September Tuesday

കാലവര്‍ഷം പ്രവൃത്തി നടക്കുന്ന റോഡുകളില്‍ 
വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

 കണ്ണൂർ

കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ റോഡ് പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. ദേശീയപാത വികസനം, തലശേരി -മാഹി ബൈപ്പാസ്, മറ്റ് പൊതുമരാമത്ത് റോഡുകൾ എന്നിവിടങ്ങളിൽ ഓരോ വകുപ്പും ഇതിനാവശ്യമായ നടപടി എടുക്കണം.
     അപകടം ഒഴിവാക്കാൻ വാഹനങ്ങളുടെ  വേഗത നിയന്ത്രിക്കാനാവശ്യമായ മുന്നറിയിപ്പ് ബോർഡുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തണം. റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് കെഎസ്ഇബി നടപടി കൈക്കൊള്ളണം. ഓടകളിലൂടെ സുഗമമായി വെള്ളമൊഴുകുന്നത് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധിക്കണം.
 ഉരുൾപൊട്ടൽ  സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം.  വെള്ളപ്പൊക്കമുണ്ടായാൽ ഓരോപ്രദേശത്തെയും ജനങ്ങൾ മാറേണ്ട ക്യാമ്പ് നേരത്തെ നിശ്ചയിച്ച് അറിയിക്കണം.  പട്ടിക തയ്യറാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസർമാക്കും നിർദേശം നൽകി.  സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന വെളളം  ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. 
 സ്‌കൂൾ ബസുകളിൽ അമിതമായി കുട്ടികളെ കയറ്റുന്നില്ലെന്നും അമിത വേഗത്തിൽ ഈ വാഹനങ്ങൾ പോകുന്നില്ലെന്നും ഉറപ്പാക്കാൻ  നടപടികൾ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി പി ദിവ്യ ആവശ്യപ്പെട്ടു.  
ജില്ലാ, താലൂക്ക് തലത്തിൽ 24 മണിക്കൂറും മഴക്കാല കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക്  എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതായി പൊലീസും അഗ്നിരക്ഷാ സേനയും അറിയിച്ചു.  യോഗത്തിൽ കലക്ടർ എസ് ചന്ദ്രശേഖർ  അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top