07 July Tuesday

വീടുകൾ ‘ക്ലാസ്‌ മുറി’കളായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

വിദ്യാർഥികൾക്ക്‌ ഓൺലൈൻ ക്ലാസ്‌ തുടങ്ങിയപ്പോൾ ചിറക്കൽ പുതിയാപ്പറമ്പിലെ വീട്ടിൽ മൊബൈൽ ഫോണിൽ നോക്കി പഠിക്കുന്ന രണ്ടാംക്ലാസുകാരി എൻ ശിവിക

കണ്ണൂർ 
പ്രവേശനോത്സവത്തിന്റെ ആരവങ്ങളും അലങ്കാരങ്ങളുമില്ലാതെ പുതിയ അധ്യയനവർഷം പിറന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഫസ്‌റ്റ്‌ ബെൽ പദ്ധതിയിലൂടെ വീടുകൾ ക്ലാസ്‌ മുറികളായി. പാഠഭാഗങ്ങൾ പരിചയപ്പെടുത്തിയും വിശദീകരിച്ചും ആദ്യദിനം അധ്യാപകർ വിദ്യാർഥികളുടെ അരികിലെത്തി. 
ജില്ലയിൽ 95 ശതമാനം വിദ്യാർഥികൾക്കും കൈറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ ഗുണകരമായെന്ന്‌ വിദ്യാഭ്യാസ നേതൃസമിതി യോഗം വിലയിരുത്തി. മോശം കാലാവസ്ഥ കാരണം ചിലർക്ക്‌ ചാനൽ ലഭിക്കുന്നതിൽ തടസ്സം നേരിട്ടതായും സമിതി വിലയിരുത്തി. വിക്‌ടേഴ്‌സ്‌ ചാനൽ സംപ്രേഷണം ചെയ്യാത്ത നെറ്റ്‌വർക്കുകളുമായി വിദ്യാഭ്യാസ അധികൃതർ ചർച്ച നടത്തി ഉടൻ പ്രശ്‌നം പരിഹരിക്കും. 
ഓൺലൈൻ ക്ലാസുകളുടെ ജില്ലാതല ഉദ്‌ഘാടനം നെരുവമ്പ്രം യു പി സ്കൂളിൽ  ടി വി രാജേഷ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല അധ്യക്ഷയായി. ഹയർ സെക്കൻഡറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ പി എൻ ശിവൻ മുഖ്യാതിഥിയായി. ഡിഡിഇ മനോജ് മണിയൂർ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് കെ വിനോദ് കുമാർ, സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റർ ടി പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
മട്ടന്നൂർ ഉപജില്ലാതല ഉദ്‌ഘാടനം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ  അനിതാ വേണു അധ്യക്ഷയായി. എ ഇഒ  എ പി അംബിക,  ഇ വി സന്തോഷ് കുമാർ, കെ കെ  ശ്രീജിത്ത്, പി സുപ്രിയ,  എം മനോജ്, എം ഉനൈസ് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top