12 July Sunday

ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാ ശ്രമം മജിസ‌്ട്രേട്ട‌് മൊഴിയെടുത്തു; 4 പേർക്കെതിരെ കേസ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
തലശേരി/പരിയാരം
നിർബന്ധിത ക്വാറന്റൈനായി കോൺഗ്രസും ബിജെപിയും സമരംചെയ‌്തതിൽ മനംനൊന്ത‌് ആത്മഹത്യക്ക‌് ശ്രമിച്ച ന്യൂമാഹി പിഎച്ച‌്സിയിലെ ആരോഗ്യപ്രവർത്തകയുടെ രഹസ്യമൊഴി തലശേരി ജുഡീഷ്യൽ ഫസ‌്റ്റ‌്ക്ലാസ‌് മജിസ‌്ട്രേട്ട‌് രേഖപ്പെടുത്തി. പിപിഇ കിറ്റ‌് ധരിച്ച‌് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ‌് ഗ്യാസ‌്ട്രോ ഐസിയുവിലെത്തിയാണ‌് മജിസ‌്ട്രേട്ട‌്‌ രഹസ്യമൊഴിയെടുത്തത‌്. ആരോഗ്യപ്രവർത്തക ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും രക്തസമ്മർദം നിയന്ത്രണ വിധേയമായിട്ടില്ലെന്നും മെഡിക്കൽ കോളേജ‌് അധികൃതർ അറിയിച്ചു. 
 ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചവർക്കെതിരെ ന്യൂമാഹി പൊലീസ‌് കേസെടുത്തു. സ‌്ത്രീത്വത്തെ അപമാനിക്കുംവിധം പ്രചാരണം നടത്തിയതിന‌് ന്യൂമാഹി പിഎച്ച‌്സിയിലെ ജെഎച്ച‌്ഐ മനോജ‌് ഉൾപ്പെടെ നാലു പേർക്കെതിരെയാണ‌് കേസ‌്. ആരോഗ്യപ്രവർത്തകയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ‌് നടപടി. 
  കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽനിന്ന‌് നേഴ‌്സിന്റെ സഹോദരി നാട്ടിലെത്തിയതാണ‌് കോൺഗ്രസും ബിജെപിയും വിവാദമാക്കിയത‌്. സമ്പർക്കമുണ്ടായ അമ്മയെയും സഹോദരിയെയും ക്വാറന്റൈൻ ചെയ‌്തിരുന്നു. സമ്പർക്കമില്ലാത്ത നേഴ‌്സ‌ിനെ ക്വാറന്റൈൻ ചെയ്യുന്നതിനായിരുന്നു രാഷ്ട്രീയപ്രേരിത സമരം. മാനസിക പീഡനം സഹിക്കവയ്യാതെ കുറിപ്പ‌് എഴുതിവച്ചാണ‌് ഇവർ ആത്മഹത്യക്ക‌് ശ്രമിച്ചത‌്.
പ്രധാന വാർത്തകൾ
 Top