14 May Friday

ബേബി മടങ്ങി; 
യാത്ര പറയാതെ

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

ബേബി വിൻസെന്റിന്റെ കല്ലറയ്‌ക്ക്‌ മുന്നിൽ യാത്രയപ്പ്‌ ഉപഹാരം സബ് രജിസ്ട്രാർ വി വി മണി ബേബിയുടെ 
ഭർത്താവ്‌ മൈക്കിൾ ഫെർണാണ്ടസിന് കൈമാറുന്നു.

കണ്ണൂർ
കോവിഡ്‌ കാലമെങ്കിലും ഒരാഴ്‌ചമുമ്പേ ചെറിയതോതിൽ ഒരു യാത്രയയപ്പിന്റെ ചിട്ടവട്ടങ്ങളൊരുങ്ങിയിരുന്നു കണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ. കാരണം പിരിഞ്ഞുപോവുന്നത്‌ അത്രമേൽ പ്രിയങ്കരിയായ സീനിയർ ക്ലർക്ക്‌ ബേബി വിൻസെന്റാണ്‌. 27 വർഷത്തെ സേവനംകൊണ്ട്‌ ജീവനക്കാരുടെയും ആധാരമെഴുത്തുകാരുടെയും സ്‌നേഹനിധിയായി മാറിയ ബേബിയേച്ചി. 
പക്ഷേ കാര്യങ്ങൾ കലങ്ങിമറിഞ്ഞത്‌ ഒരാഴ്‌ചയ്‌ക്കുള്ളിലാണ്‌. കോവിഡ്‌ ബാധിതയായ ബേബി ഗുരുതരാവസ്ഥയിലായതും ആശുപത്രിയിൽ പ്രവേശിപ്പിപ്പെട്ടതും ഒരു ഞെട്ടലോടെ മാത്രമേ സഹപ്രവർത്തകർക്ക്‌ കേൾക്കാനായുള്ളൂ. പിറകേ ആ ദുരന്തവാർത്ത അവരെ തേടിയെത്തി. കഴിഞ്ഞ 23ന്‌ ഔദ്യോഗിക ജീവിതത്തോടു മാത്രമല്ല,  ഈ ലോകത്തോടും ബേബി  വിടപറഞ്ഞു. 
30ന്‌ വിരമിക്കാനിരിക്കെ അകാലത്തിൽ വിടപറഞ്ഞ സഹപ്രവർത്തകയുടെ മരണാനന്തരച്ചടങ്ങിൽപോലും പങ്കെടുക്കാനാവാത്ത ദുഃഖം സഹപ്രവർത്തകർക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ അവർ ഒരു തീരുമാനമെടുത്തു. വിരമിക്കൽ ദിനമായ വെള്ളിയാഴ്‌ച അവർ ബേബി അന്ത്യനിദ്രകൊള്ളുന്ന ബർണശേരി പള്ളി സെമിത്തേരിയിലെത്തി. യാത്രയയപ്പിന്‌ നൽകേണ്ടിയിരുന്ന പനിനീർ പൂച്ചെണ്ടുകൾ കല്ലറയ്‌ക്ക്‌മുകളിൽ വയ്‌ക്കുമ്പോൾ കണ്ണീരടക്കാനാവാതെ അവർ വിതുമ്പി. യാത്രയയപ്പിനു നൽകേണ്ടിയിരുന്ന ഉപഹാരം സബ്‌ രജിസ്ട്രാർ വി വി മണി ബേബിയുടെ ഭർത്താവ്‌  മൈക്കിൾ ഫെർണാണ്ടസിനും മകൻ മെക്സ്വെൽ ഫെർണാണ്ടസിനും കൈമാറിയതും വികാരനിർഭരമായ രംഗമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top