കണ്ണൂർ
കോവിഡ് ജാഗ്രതയിൽ എസ്എസ്എൽസി, പ്ലസ്ടു മാതൃകാപരീക്ഷകൾക്ക് തുടക്കമായി. സ്കൂളുകളിൽ വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
17ന് പൊതുപരീക്ഷകൾ തുടങ്ങാനിരിക്കെ കുട്ടികൾക്ക് ആത്മവിശ്വാസം പകരാനും പരീക്ഷനടത്തിപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലുമാണ് പരീക്ഷ.തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷമാണ് ഹാളിലേക്ക് വിദ്യാർഥികളെ കടത്തിവിട്ടത്.
സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗവും ഉറപ്പുവരുത്തി. 20 വിദ്യാർഥികളായിരുന്നു ഒരു ഹാളിൽ. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പരീക്ഷയെഴുതാൻ പ്രത്യേക ഇടമൊരുക്കി. ഹാളിനു പുറത്ത് കോവിഡ് നിരീക്ഷകരായി അധ്യാപകരെ നിയോഗിച്ചിരുന്നു.
പരീക്ഷയ്ക്ക് മുമ്പും ശേഷവും കുട്ടികൾ കൂട്ടംകൂടി സംസാരിക്കുന്നത് ഒഴിവാക്കാനാണിത്. വാഹനപണിമുടക്കായതിനാൽ ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാർച്ച് എട്ടിന് നടക്കും.
ആദ്യം പേടി,
പിന്നെ ആശ്വാസം
കോവിഡ് കാലത്ത് സ്കൂളിൽ പോയി ആദ്യായിട്ട് എഴുതിയ പരീക്ഷയാണ്. പത്താം ക്ലാസായിട്ടും ഓൺലൈൻ ക്ലാസിലൂടെയല്ലേ ഭൂരിഭാഗവും പഠിച്ചത്. ഹാളിൽ കയറുന്നതുവരെ പേടിയായിരുന്നു. മാസ്കും സാനിറ്റൈസറും തമാശയല്ലെന്ന് ടീച്ചർമാർ ഓർമിപ്പിച്ചുകൊണ്ടിരുന്നു. മോശമല്ലാതെ എഴുതി.
പ്രത്യേക അനുഭവം
ഓൺലൈൻ ക്ലാസും അവസാന സമയത്ത് കിട്ടിയ നേരിട്ടുള്ള ക്ലാസും പ്രയോജനപ്പെട്ടു. കുറേക്കാലത്തിനുശഷം ക്ലാസിലിരുന്ന് എഴുതിയ പരീക്ഷ ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചായിരുന്നു ഞങ്ങളുടെ പ്ലസ്ടു പരീക്ഷ. കൂട്ടംകൂടി നിൽക്കാതിരിക്കാൻ ടീച്ചർമാർ പ്രത്യേകം ശ്രദ്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..