ചൊക്ലി
സമൂഹത്തിൽ സ്‌ത്രീ അഭിമുഖീകരിക്കുന്ന സംഘർഷത്തിന്റെ പൊള്ളുന്ന നേരുകൾക്ക് രംഗാവിഷ്‌കാരമൊരുക്കി പരിഷത്ത് കലാജാഥ. ശാസ്‌ത്രസാഹിത്യ പരിഷത്ത് പദയാത്രയോടനുബന്ധിച്ചുള്ള കലാജാഥയിലെ ‘ഷീ ആർക്കൈവ്’ നാടകം ഉള്ളുണർത്തുന്ന ചോദ്യങ്ങളാണ് സമൂഹത്തിനുനേരെ ഉയർത്തുന്നത്. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയാണ് നാടകം. വിളികളിലെയും ഇടപെടലിലെയും ആൺകോയ്‌മയെ നാടകം അനാവരണം ചെയ്യുന്നു. പുരുഷാധിപത്യ കാപട്യത്തിന് നേരെയുള്ള തുറന്ന കണ്ണാടികൂടിയായി രംഗാവിഷ്‌കാരം മാറുന്നു.
ഐടി പ്രൊഫഷണലുകളുടെയും കുടുംബശ്രീ പ്രവർത്തകയായ വീട്ടമ്മയുടെയും ജീവിതത്തിലൂടെയാണ് സ്‌ത്രീജീവിതത്തിന്റെ ദൈന്യത വരച്ചുകാട്ടുന്നത്. നാടക–-ചലച്ചിത്ര നടി സജിത മഠത്തിൽ രചിച്ച് അരുൺലാൽ സംവിധാനം ചെയ്‌ത നാടകത്തിൽ പ്രമീള പട്ടാമ്പി, വിസ്‌മയ തൃശൂർ, സ്‌മിത കൊടുങ്ങല്ലൂർ, രോഹി്ണി ഇരിങ്ങാലക്കുട, ബിന്ദുപീറ്റർ കണ്ണൂർ, വി കെ കുഞ്ഞികൃഷ്‌ണൻ കണ്ണൂർ, ആർ കെ താനൂർ മലപ്പുറം, പ്രഭോഷ് കടലുണ്ടി, അഖിൽ കോഴിക്കോട്, വിഷ്‌ണു , അഖിലേഷ് തൃശൂർ എന്നിവർ അഭിനയിക്കുന്നു.
പുതിയ യുവത്വം തന്റേടത്തോടെ പുതുവഴി തേടുന്നതിന്റെ നേർസാക്ഷ്യംകൂടിയായി നാടകം മാറുന്നു. അഭിമാനത്തിന്റെ പ്രതീക്ഷയുടെ ചിന്തയാണ് നാടകം പങ്കിടുന്നത്. പുരോഗമന മുഖംമൂടിയണിഞ്ഞ മലയാളികളുടെ കാപട്യവും മാധ്യമങ്ങളുടെ അന്ധവിശ്വാസ പ്രചാരണവും തുറന്നുകാട്ടുന്നതാണ് കലാജാഥയിലെ കോട്ട്–-വിൽകലാമേള. ഓരോ കാഴ്‌ചക്കാരുടെയും മനസിലേക്ക് ആഴ്‌ന്നിറങ്ങുന്ന ചോദ്യങ്ങളാണ് വിൽകലാമേളയിലും ഉയരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..