25 January Saturday

അഴിമതിക്കേസ്‌ കോൺഗ്രസ്‌ നേതാവിന്‌ 10 വർഷം തടവും 4.5 ലക്ഷം പിഴയും

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019
കണ്ണൂർ
അഴിമതിക്കേസിൽ കോൺഗ്രസ്‌ നേതാവിന്‌ തടവും പിഴയും. കണിച്ചാർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം പ്രസിഡന്റുമായ സി എം മാണിയെയാണ്‌ തലശേരി വിജിലൻസ്‌ കോടതി പത്തുവർഷം തടവിനും 4.5 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്‌. മുൻ പഞ്ചായത്ത്‌ സെക്രട്ടറി ഐറിൻ മേരി ഫെർണാണ്ടസിനും ഇതേ ശിക്ഷയുണ്ട്‌. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നാലുവർഷം തടവും  50,000 രൂപ പിഴയും  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആറുവർഷം തടവും നാലു ലക്ഷം രൂപ പിഴയുമാണ്‌ ഓരോരുത്തർക്കുമുള്ള ശിക്ഷ. തടവ്‌ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ആറു വർഷമേ വരൂ.
   2003ൽ പഞ്ചായത്ത്‌ ആവശ്യത്തിന്‌ ടാർ വാങ്ങുന്നതിനെന്നപേരിൽ പേരാവൂർ സബ്‌ട്രഷറിയിൽനിന്ന്‌ 2,21,418 രൂപ പിൻവലിച്ച്‌ ടാർ വാങ്ങാതെ വ്യാജരേഖകൾ ചമച്ചുവെന്നും ഇതിനായി പ്രസിഡന്റും സെക്രട്ടറിയും ഗൂഢാലോചന നടത്തി പണം വീതിച്ചെടുത്തുവെന്നുമാണ്‌ കേസ്‌.  കണ്ണൂർ വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ യൂണിറ്റ്‌ ഡിവൈഎസ്‌പിയായിരുന്ന എ സുരേന്ദ്രൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ലീഗൽ അഡ്വൈസർ വി കെ ശൈലജൻ ഹാജരായി. ഇപ്പോഴത്തെ കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലിൻ മാണിയുടെ ഭർത്താവാണ്‌ സി എം മാണി.
പ്രധാന വാർത്തകൾ
 Top