08 December Thursday
പെട്രോൾ ബോംബ്: 
ലക്ഷ്യം പൊലീസ് വാഹനം

3 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

പി എം അമീൻ, ഷബീർ, അബൂബക്കർ സിദ്ദീഖ്

കണ്ണപുരം

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ ബൈക്കിൽ പെട്രോൾ ബോംബ് പിടികൂടിയ കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ടുകാർ റിമാൻഡിൽ. മാങ്കടവ് ചാലിൽ കുഞ്ഞാമിന ഹൗസിൽ പി എം അമീൻ (27), അരോളി ചാലിലെ പാറോൽ പുതിയപുരയിൽ പി പി ഷബീർ (23), പാപ്പിനിശേരി പാറക്കലിലെ  നായക്കൻ ഹൗസിൽ അബൂബക്കർ സിദ്ദീഖ് (23) എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡുചെയ്തത്. കണ്ണപുരം സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൂവരും പിടിയിലായത്. ഹർത്താൽ ദിനത്തിൽ  അക്രമം നടത്താൻ ആസൂത്രണം നടത്തിയ അഞ്ചംഗ സംഘമാണ് കണ്ണൂരിലേക്ക് പോകുന്നതിനിടെ ദേശീയപാതയിൽ കല്യാശേരി മോഡൽ പോളിക്ക് സമീപത്ത്‌ പിടിയിലായത്. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെയും പൊലീസ് വാഹനങ്ങളെയും എറിയാനാണ്‌ സംഘം പെട്രോൾ  ബോംബുമായെത്തിയതെന്നാണ് പൊലീസ് നിഗമനം. 
  ഇവരുടെ  കൂട്ടാളികളായ  മാങ്കടവ് കുന്നുമ്പ്രത്തെ മുഹമ്മദ് അനസ്, പാപ്പിനിശേരി പാറക്കലിലെ എൻ ഷഫീഖ് (24) എന്നിവരെ സംഭവ ദിവസം പിടികൂടിയിരുന്നു. സ്കൂട്ടറും രണ്ട് പെട്രോൾ ബോംബും സഹിതം പിടിയിലായ ഇരുവരും റിമാൻഡിലാണ്.  750 മില്ലീ ലിറ്ററിന്റെ രണ്ട് കുപ്പികളിലാണ് പെട്രോൾ ബോംബ് തയ്യാറാക്കിയത്. സ്കൂട്ടറിലെ സഞ്ചിയിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. മറ്റൊരു സഞ്ചിയിൽ കരിങ്കൽചീളുകളുമുണ്ടായിരുന്നു. പാപ്പിനിശേരി മാങ്കടവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും പെട്രോൾ ബോംബെറിഞ്ഞിരുന്നു. ഹർത്താൽ അനുകൂലികളുടെ അക്രമം തടയുന്നതിനായി മാങ്കടവ് ചാലിൽ  ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാർക്കുനേരെയാണ് ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബെറിഞ്ഞത്. ലക്ഷ്യം തെറ്റി  വീണതിനാലാൽ തലനാരിഴക്കാണ് പൊലീസുകാർ  രക്ഷപ്പെട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top