02 June Tuesday

വിളവെടുപ്പ്‌ നാളെ പൂവിളി കാത്ത്‌ പൂപ്പാടങ്ങൾ

സ്വന്തംലേഖികUpdated: Sunday Sep 1, 2019
കണ്ണൂർ
അതിർത്തി കടന്നെത്തുന്ന പൂക്കളില്ലാതെ ഓണമില്ലെന്ന ചിന്ത ഇനി കണ്ണൂരുകാർക്കില്ല.  ഇത്തവണ സ്വന്തം  മണ്ണിൽ വിരിഞ്ഞ  മഞ്ഞ, ഓറഞ്ച്‌ ചെണ്ടുമല്ലികൾ ചില വീട്ടുമുറ്റങ്ങളിലെങ്കിലും  പൂക്കളങ്ങളായി മാറും.  ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന്‌ ഒരു കൊട്ടപൂവ്‌’ പദ്ധതിയിലൂടെ  ജില്ലയിൽ പൂക്കാലം വിരുന്നെത്തിയിരിക്കുകയാണ്‌.  തിങ്കളാഴ്‌ച തില്ലങ്കേരി പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ മന്ത്രി ഇ പി ജയരാജൻ പൂകൃഷി വിളവെടുപ്പിന്റെ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കും. 
ഒന്നരമാസം മുമ്പാണ്  ജില്ലാ പഞ്ചായത്ത്‌ പദ്ധതിക്കു  തുടക്കമായത്‌. പത്തു ലക്ഷം രൂപയാണ്‌  ചെലവിട്ടത്‌.  47 പഞ്ചായത്തുകളിലായി 1,90,000  ചെടികൾ   വിതരണം ചെയ്‌തു. നാലോ  അഞ്ചോ പേരടങ്ങുന്ന  265 ഗ്രൂപ്പുകളാണ്‌ കൃഷി ചെയ്‌തത്‌.  തളിപ്പറമ്പ്‌ ജില്ലാ കൃഷിത്തോട്ടം, പാലയാട്‌ കോക്കനട്ട്‌ നേഴ്‌സറി, കാങ്കോൽ വിത്തുൽപ്പാദനകേന്ദ്രം എന്നിവിടങ്ങളിൽനിന്നാണ്‌ തൈ ഉൽപാദിപ്പിച്ചത്‌. 
75 ശതമാനം സബ്‌സിഡിയിൽ കൃഷി ഭവൻ  പരിധിയിലെ കാർഷിക ഗ്രൂപ്പുകൾക്കാണ്‌  ചെടികൾ നൽകിയത്‌. നട്ട്‌ ഒന്നരമാസത്തിനുള്ളിൽ പൂക്കൾ വിരിഞ്ഞു.  
 കൃഷിഭവൻ അധികൃതരുടെ  നിർദേശപ്രകാരം   ശാസ്‌ത്രീയ കൃഷി രീതിയും കൂട്ടായ പ്രവർത്തനങ്ങളുമാണ്‌ പദ്ധതിയുടെ വിജയത്തിനു പിന്നിൽ. ഗ്രാമീണ കൂട്ടായ്‌മയ്‌ക്ക്‌ വരുമാനമെന്ന നിലയിലും പദ്ധതി സ്വീകാര്യത നേടിക്കഴിഞ്ഞു.   
മൂന്നുവർഷത്തിനുള്ളിൽ പൂകൃഷിയിൽ സ്വയം പര്യാപ്‌തത ലക്ഷ്യമിട്ടാണ്‌ പദ്ധതി നടപ്പാക്കുന്നതെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ അറിയിച്ചു. ഇത്തവണ പ്രതികൂല കാലാവസ്ഥ കൃഷിയെ ബാധിച്ചിട്ടുണ്ട്‌. ആവശ്യമുള്ള പൂവ്‌ നമുക്ക്‌ തന്നെയുണ്ടാക്കാനാവുമെന്ന സന്ദേശമാണ്‌  പദ്ധതിയുടെ വിജയം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി പഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ചു കുടുംബശ്രീ യൂണിറ്റുകൾ സ്വകാര്യ വ്യക്തിയുടെ തരിശായി കിടന്ന ഒരേക്കർ ഭൂമിയിലാണ്‌ കൃഷി ചെയ്‌തത്‌.   നേരത്തെ വിളഞ്ഞ പൂവുകൾ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കടയിൽ വിറ്റു.  19 വാർഡുകളിലായി 29 വനിതാ കൂട്ടായ്മകളാണ് കൃഷി ചെയ്യുന്നത്. 
പാപ്പിനിശേരി, കല്യാശേരി പഞ്ചായത്തുകളിലും കൃഷി വിളവെടുക്കാൻ പാകമായി.  പെരുമഴ  അതിജീവിച്ച തൈകൾ മുഴുവൻ പൂത്തു.  
പാപ്പിനിശേരി വെസ്റ്റ് പ്രതീക്ഷാ കുടുംബശ്രീ 30 സെന്റ് സ്ഥലത്ത് 600 ചെടികൾ  നട്ടത്  പുഷ്പിച്ചു.  തില്ലങ്കേരി, നാറാത്ത്‌, കൊളച്ചേരി, മുണ്ടേരി, പെരളശേരി  തുടങ്ങി ജില്ലയിൽ നിരവധി പൂപ്പാടങ്ങൾ ഓണം കാത്തിരിക്കുകയാണ്‌.  തലശേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിലും പൂകൃഷി നടത്തിയിരുന്നു.
പ്രധാന വാർത്തകൾ
 Top