11 July Saturday

കോവിഡ്‌ ചികിത്സക്കിടെ പ്രസവിച്ച യുവതി ആശുപത്രി വിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
പരിയാരം
കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ പ്രസവിച്ച യുവതി‌ രോഗം ഭേദമായി കുഞ്ഞുമായി ആശുപത്രി വിട്ടു. കുഞ്ഞിന്റെ സ്രവപരിശോധനയിൽ നെഗറ്റീവ്‌ ആയിരുന്നു.   ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത്‌  എടപുഴ ആദിവാസി കോളനിയിലെ ഇരുപത്തൊന്നുകാരി അനുവും 10 ദിവസം പ്രായമുള്ള ആൺകുഞ്ഞുമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് പോയത്.  28 ദിവസത്തെ ക്വാറന്റൈൻ  ആവശ്യമായതിനാൽ ഊരിലെ ഒറ്റമുറി വീട്ടിലെ അസൗകര്യംമൂലം ഇവരെ ഇരിട്ടിയിലെ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിലേക്കാണ്  വിട്ടത്. ഇരുപതാം തിയതി ആയിരുന്നു പൂർണഗർഭിണിയായ അനുവിനെ പരിയാരത്ത്  ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന്  പത്തു ദിവസം മുമ്പ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിയാരത്ത് പ്രവേശിപ്പിച്ച്‌ പിറ്റേദിവസം രക്തസമ്മർദ്ദം കൂടിയതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി . ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ശബ്നം എസ്‌ നമ്പ്യാരുടെ നേതൃത്വത്തിലാണ്‌ ശാസ്ത്രക്രിയ നടത്തിയത്.  മൂന്നുദിവസം കഴിഞ്ഞ് കുഞ്ഞിന്റെ സ്രവ പരിശോധന നടത്തിയതിൽ നെഗറ്റീവ് ആയിരുന്നു.  ചികിത്സയെ തുടർന്ന് ഭേദമായ യുവതിയെയും കുഞ്ഞിനെയും രണ്ടുദിവസം മുമ്പുതന്നെ ആശുപത്രിയിൽനിന്ന്‌ വിടുതൽ നൽകാൻ തീരുമാനിച്ചിരുന്നു. വീട്ടിലെ അസൗകര്യംമൂലം ആണ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് കൊണ്ടുപോകാൻ ആലോചിച്ചത്. വിദ്യാർത്ഥികളുടെ പരീക്ഷ അവസാനിക്കുന്നതിനുവേണ്ടിയാണ്‌  രണ്ട്‌ ദിവസംകൂടി കാത്തിരുന്നത്. ആശുപത്രിയിൽനിന്ന്‌ ഹോസ്റ്റലിലേക്ക്  കൊണ്ടുപോകാൻ അനുവിന്റെ ഭർത്താവും അമ്മയുമെത്തിയിരുന്നു. ഇവരുടെ പരിശോധനകൾ നടത്തിയതിലും കോവിഡ് ബാധയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അമ്മയ്ക്കും നവജാത ശിശുവിനും ആശുപത്രിയിൽ  യാത്രയയപ്പ്‌ നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ്, വൈസ് പ്രിൻസിപ്പൽ ഡോ. എസ് രാജീവ്, ഡോക്ടർമാരായ ഡി കെ മനോജ്, വിമൽ, അരുൺ ശ്രീ, ഗണേഷ് മല്ലർ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top