11 July Saturday

ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക‌് ശ്രമിച്ചു

സ്വന്തം ലേഖകൻUpdated: Monday Jun 1, 2020
തലശേരി
നിർബന്ധിത ക്വാറന്റൈനായി യുഡിഎഫും ബിജെപിയും സമരം ചെയ‌്തതിൽ മനംനൊന്ത‌് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക‌് ശ്രമിച്ചു. ന്യൂമാഹി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പെയിൻ ആൻഡ്‌ പാലിയേറ്റീവ‌് കെയർ നേഴ‌്സാണ‌് രാഷ‌്ട്രീയവേട്ടയിൽ മനംനൊന്ത‌് ജീവനൊടുക്കാൻ ശ്രമിച്ചത‌്.  കണ്ണൂർ ഗവ.   മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ‌്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആത്മഹത്യാക്കുറിപ്പ‌് സംബന്ധിച്ച‌് ന്യൂമാഹി പൊലീസ‌് അന്വേഷണം ആരംഭിച്ചു. 
നേഴ‌്സിന്റെ സഹോദരി കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽനിന്ന‌് ന്യൂമാഹിയിലെ വീട്ടിലെത്തിയിരുന്നു. സഹോദരിയും സമ്പർക്കമുണ്ടായ അമ്മയും മാഹി ചാലക്കരയിലെ ബന്ധുവീട്ടിൽ ക്വാറന്റൈനിലായിരുന്നു. സമ്പർക്കമില്ലാത്ത  നേഴ‌്സ‌് ക്വാറന്റൈനിൽ പോകേണ്ട ആവശ്യമില്ലെന്ന‌് ആരോഗ്യവകുപ്പ‌് നിർദേശിച്ചു. ഇത‌് അംഗീകരിക്കാതെ നേഴ‌്സിനെ വിവാദത്തിലേക്ക‌് വലിച്ചിഴയ്‌ക്കാനാണ‌് കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും ശ്രമിച്ചത‌്.
സ്രവ പരിശോധനാ ഫലം നെഗറ്റീവ‌് 
വിവാദമുണ്ടായപ്പോൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം  നേഴ‌്സിന്റെ സ്രവ പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവായിരുന്നു. സമരക്കാരുടെ ക്വാറന്റൈൻ ആവശ്യം രാഷ‌്ട്രീയപ്രേരിതമാണെന്ന‌് വ്യക്തമായി. തെറ്റായ ആരോപണം ഉന്നയിച്ച‌് നേഴ‌്സിനെ അപമാനിച്ച പാർടികൾക്കെതിരെ നിയമ നടപടി വേണണമെന്ന ആവശ്യവും ശക്തമാണ‌്. 
‘പാർടിക്കാർ  ബുദ്ധിമുട്ടിക്കുന്നു’ 
കഴിഞ്ഞ ഫെബ്രുവരി മുതൽ അവധിയില്ലാതെ സേവനം നടത്തുകയാണെന്നും തെറ്റുകാരിയെന്ന‌് ചിത്രീകരിച്ചതിൽ വേദനയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എനിക്കെതിരെ വന്ന പാർടിക്കാർ കുറച്ചുകാലമായി ബുദ്ധിമുട്ടിക്കുന്നുണ്ട‌്. ഒരാളെ ഇല്ലാതാക്കണമെന്ന‌് വിചാരിച്ച‌് ഒരുകൂട്ടം വന്നാൽ മറ്റൊന്നും ചെയ്യാനാവില്ല. ആത്മാർഥമായി ജോലിചെയ‌്തിട്ടും  എന്റെ ജോലിയെക്കുറിച്ചാണ‌് കുറ്റം പറഞ്ഞത‌്. ഇനിയും എനിക്ക‌് സഹിക്കാൻ വയ്യെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.
പ്രധാന വാർത്തകൾ
 Top