29 May Monday

തട്ടിക്കൂട്ട് കടയിലുണ്ട് 
കുടം കലക്കിയും കാന്താരി സർബത്തും

ടി കെ അനൂപ്‌Updated: Saturday Apr 1, 2023

പിണറായി

ചൂടു കൂടിയതോടെ ശീതളപാനീയങ്ങൾ എത്ര കുടിച്ചാലും മതിവരുന്നില്ല. മനസും ശരീരവും തണുപ്പിക്കാൻ പാതയോരങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തിയിട്ടുണ്ട്‌ സർബത്ത് കടകൾ. 
പിണറായി കൺവൻഷൻ സെന്ററിന് സമീപം  ഒതയോത്ത്  നിധിൻ ആരംഭിച്ച  ജ്യൂസ് കടയിൽ  തിരക്കൊഴിഞ്ഞ നേരമില്ല.  മുന്തിരി കാന്താരി സർബത്തും കുടംകലക്കിയും വന്നതോടെ ‘പാൽക്കാരൻ പയ്യന്റെ തട്ടിക്കൂട്ട് കട’  വേറെ ലെവലായിരിക്കുകയാണ്. 
 മുന്തിരി കാന്താരി സർബത്തിന്റെ സ്വാദ് നേരിട്ടറിയാൻ നിരവധിപേരാണ് ഇവിടെയെത്തുന്നത്. മൺകുടത്തിലേക്ക് ഉപ്പും നന്നാറി സർബത്തും മുന്തിരിച്ചാറും ചെറിയൊരു കഷണം ചെറുനാരങ്ങയും പിഴിഞ്ഞ്‌ ഒഴിച്ചുവയ്‌ക്കും. അതിലേക്ക് കസ്കസും കാന്താരി മുളകും മുന്തിരിയും കൂടി ചതച്ചിടും.  
സോഡകൂടി പൊട്ടിച്ചൊഴിക്കുമ്പോൾ സംഭവം റെഡി.. എരിവും ഉപ്പും മധുരവും പുളിയും എല്ലാം അടങ്ങിയ ഉന്മേഷദായകമായ ഐറ്റം. കുടംകലക്കിയാകട്ടെ മറ്റ് ചേരുവകളൊന്നും ചേർക്കാതെ പഴവർഗങ്ങളിൽനിന്ന് മിക്സ് ചെയ്ത് എടുക്കുന്നതാണ്.  ഉപഭോക്താക്കളുടെ മുന്നിൽനിന്നാണ് ഇതുണ്ടാക്കുന്നത്.  
കാൽനട യാത്രക്കാരും വാഹനങ്ങളിൽ പോകുന്നവരും ‘പാൽക്കാരൻ പയ്യന്റെ തട്ടിക്കൂട്ട്’ കടയുടെ മുന്നിലെത്തുമ്പോൾ ഒരു നിമിഷം  നിൽക്കും. 
തിരക്ക് കണ്ട് മുന്തിരി കാന്താരി സർബത്ത് ഒന്നു പരീക്ഷിച്ച് നോക്കിയാലോ എന്ന മട്ടിൽ വരുന്ന ആൾക്കാരിൽ പലരും ഇവിടെ സ്ഥിരം കസ്റ്റമറാണിപ്പോൾ.
 പെരളശേരി എടക്കടവ് സ്വദേശിയാണ്‌  നിധിൻ. മുന്തിരി കാന്താരി സർബത്ത് കൂടാതെ നെല്ലിക്ക കാന്താരി സർബത്ത്, മാങ്കോ കാന്താരി സർബത്ത് എന്നിവയും   പ്രധാന ഇനങ്ങളാണ്. മോരാണ് ഇവിടെ മറ്റൊരു സ്പെഷ്യൽ. മസാല മോര്, നെല്ലിക്ക മോര് എന്നിങ്ങനെ മോരിന്റെ വിവിധ വെറെെറ്റികളുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top