22 September Sunday

പ്രീ-മെട്രിക് ഹോസ്റ്റൽ റെഡി: ഉദ്‌ഘാടനവും കഴിഞ്ഞു; തുറക്കുന്നില്ലെന്ന്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 

 
നെടുങ്കണ്ടം
പട്ടികജാതി വികസന വകുപ്പിന്റെ നെടുങ്കണ്ടം പ്രീ -മെട്രിക് ഹോസ്റ്റലിനോടുള്ള അവഗണനയിൽ വ്യാപക പ്രതിഷേധം. നിര്‍മാണം പൂര്‍ത്തീകരിച്ച്‌ ഒരുവര്‍ഷം പിന്നിട്ടിട്ടും  വിദ്യാര്‍ഥിനികള്‍ക്കായി തുറന്നു കൊടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്ന്‌  എതിർപ്പ്‌ ഉയരുന്നു. 
കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടം ഇപ്പോള്‍ കാടുകയറി നശിച്ച നിലയിൽ. ഇത്‌ പട്ടികജാതി വിദ്യാർഥികളോടുള്ള വെല്ലുവിളിയായി കരുതുന്നു.  വരും ദിവസങ്ങളിൽ പട്ടികജാതി വികസന ഓഫീസുകളിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരം  ചില സംഘടനകൾ നടത്തും. 
2016- ലാണ് നെടുങ്കണ്ടം ഗവ. സ്കൂളിനു സമീപം  ഹോസ്റ്റല്‍ നിര്‍മാണം ആരംഭിച്ചത്. 2018 മേയ് 25-ന് മന്ത്രി എം എം മണിയാണ്    ഉദ്‌ഘാടനം  നിര്‍വഹിച്ചത്.
മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിനാണ് 2.2 കോടി  രൂപ ചെലവഴിച്ച്‌ കെട്ടിടം നിര്‍മിച്ചത്. 50 പേര്‍ക്ക് താമസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും രണ്ടുനിലകളിലായുള്ള കെട്ടിടത്തിലുണ്ട്. അടുക്കള, ഹാള്‍, പഠന മുറികള്‍, വിശ്രമമുറി, പതിനഞ്ചോളം ടൊയ് ലറ്റുകള്‍, വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം ഒരുക്കിയിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ തുറന്നുനല്‍കാന്‍ പട്ടികജാതി വികസന വകുപ്പ് തയാറാകുന്നില്ല. ഹോസ്റ്റൽ തുറക്കാതെ പുറത്തുനിന്നും പൂട്ടിയിട്ടിരിക്കുന്നതിനാൽ മരച്ചെടികളും വള്ളിപ്പടർപ്പും കാടും കയറിയ നിലയിലാണ് ഹോസ്റ്റൽ മുറ്റം. ലക്ഷങ്ങൾ മുതൽമുടക്കുള്ള സോളാർപാനൽ ഉപയോഗിക്കാത്തത് മൂലം കേടു വരാനും  തുടങ്ങി. മാസം തോറും ആയിരക്കണക്കിന് രൂപയുടെ വൈദ്യൂതി ബില്ലാണ് അടച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അർഹതപ്പെട്ട കുട്ടികൾക്ക് ഇതിന്റെയൊന്നും പ്രയോജനം ലഭിക്കുന്നുമില്ല.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top