20 September Friday

തൂക്കുപാലത്ത് 150 ചെടികളിൽ നിന്ന് ഏലക്കാ മോഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
 നെടുങ്കണ്ടം
തൂക്കുപാലത്തിന്‌ സമീപം പാട്ടത്തിനെടുത്ത തോട്ടത്തിൽ നിന്നും പച്ച ഏലക്ക മോഷണം പോയതായി പരാതി. 
കായംകുളംപടിയിൽ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുന്ന രണ്ട് എക്കർ തോട്ടത്തിലെ 150 ചെടികളിൽ നിന്നാണ് പച്ച ഏലക്കാ മോഷണം പോയത്. പുളിയൻമല ഹേമക്കടവ് പുത്തൻപുരക്കൽവീട്ടിൽ ആർ വിൻസെന്റാണ്‌ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്‌.
കഴിഞ്ഞ ദിവസം ഏലത്തിന് കവാത്തെടുക്കാൻ എത്തിയ സ്ത്രീകളാണ് തോട്ടത്തിന്റെ പലയിടത്ത്‌ നിന്നായി ഏലക്കാ പൂർണമായും മോഷ്ടിച്ചിരിക്കുന്നതായി കണ്ടത്. തുടർന്ന് വിൻസെന്റും തൊഴിലാളികളും നടത്തിയ തെരച്ചിലിൽ 150 ചെടികളിൽ നിന്നും ഏലക്കാ നഷ്ടപ്പെട്ടതായി മനസിലായത്. രണ്ട് ഏക്കർ തോട്ടത്തിലായി 985 ഏലച്ചെടികളാണ് ഉള്ളത്. ഇതിൽ വിളവെടുപ്പിന് പാകമെത്തിയ ചെടികളിലെ കായകളാണ് കൂടുതലായും മോഷ്ടിച്ചിരിക്കുന്നത്.  നെടുങ്കണ്ടം പൊലീസ് തോട്ടത്തിലെത്തി പരിശോധന നടത്തി. കായംകുളംപടി പ്രദേശത്ത് ആദ്യമാണ് ഇത്തരത്തിൽ ഏലക്കാ മോഷണം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.  
 
 
പ്രധാന വാർത്തകൾ
 Top