15 July Wednesday

കുട്ടിഗവേഷകരുടെ ആവശ്യത്തിന്‌ പച്ചക്കൊടി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
 നെടുങ്കണ്ടം
നന്നങ്ങാടി കണ്ടെത്തിയ കുട്ടിഗവേഷകരുടെ ആവശ്യത്തിന് പുരാവസ്തുവകുപ്പിന്റെ പച്ചക്കൊടി. കല്ലാർ ഗവ. സ്കൂളിലെ എട്ടാം ക്ലാസുകാരൻ ഹാമിദ് മുഹമ്മദിന്റെയും കൂട്ടുകാരായ അസ്മീർ മുബാറക്‌, ഫായീസ് മുഹമ്മദ്‌ എന്നിവരുടെ നിരീക്ഷണപാടവവും ചരിത്രബോധവും നാടിന്റെ പുരാതന ചരിത്രമറിയാനുള്ള ഗവേഷണത്തിന് കാരണമാവുകയാണ്. 
കരുണാപുരം കൂട്ടാർ ടൗണിനു സമീപം പാറയ്‌ക്കൽ സക്കീർ ഹുസൈന്റെ പുരയിടത്തിൽ പടുതാക്കുളം നിർമിക്കുമ്പോളാണ് കുഴിയുടെ വശങ്ങളിൽ  അസ്വാഭാവികമായ ഏതോ വസ്തുവിന്റെ സാന്നിധ്യം കുട്ടിഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്‌. അവർ മണ്ണുമാറ്റി പരിശോധിച്ച്‌ അവ നന്നങ്ങാടികളാണെന്ന് തിരിച്ചറിയുകയായിരുന്നു. ക്ലാസ്‌ അധ്യാപകനും അയൽവാസിയുമായ ഷാജഹാൻ സാറിന്റെ ഉപദേശം തേടി. പുരാവസ്തുക്കൾ കണ്ടെത്തിയാൽ കൂടുതൽ ഗവേഷണം ആവശ്യമുണ്ടെന്ന്‌  കുട്ടികൾ നിർബന്ധംപിടിച്ചു. നിർബന്ധത്തിനു വഴങ്ങി വീട്ടുകാർ അധികൃതരെ വിവരമറിയിച്ചു. 
പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥൻ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് തുടർപഠനങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചു.
വാർത്തയറിഞ്ഞ്‌ ധാരാളം ആളുകൾ ഇവിടെ എത്തുന്നുണ്ട്. പുറത്തെടുക്കാത്ത നന്നങ്ങാടികൾ കേടുവരാതെ സംരക്ഷിക്കുന്ന ചുമതല ഈ കുട്ടിഗവേഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ നന്നങ്ങാടികൾ അതീവചരിത്ര പ്രാധാന്യമുള്ളവയാണെന്നും 1,500 മുതൽ 2,500(ബിസി 500– എഡി 500) വർഷംവരെ പഴക്കം ഉണ്ടാകാമെന്നും ഉടുമ്പൻചോല പുരാവസ്തു ചരിത്രസംരക്ഷണ സമിതിയിലെ ഗവേഷകനും കല്ലാർ സ്കൂളിലെ കായികാധ്യാപകനുമായ റെയ്സൺ പി ജോസഫ് പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top